‘എന്തു ധൈര്യത്തിൽ കുട്ടികളെ പറഞ്ഞുവിടും?’ പനയമ്പാടം സ്ഥിരം അപകടമേഖലയെന്ന് നാട്ടുകാര്‍, ആളിക്കത്തി ജനരോഷം, പ്രതിഷേധം ശക്തം

 

പാലക്കാട്: പനയമ്പാടം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. സ്ഥിരം അപകടമുണ്ടാവുന്ന സ്ഥലമാണ് പനയമ്പാടം എന്നും ഇന്നുവരെ ഒരു നടപടിയും അധികൃതര്‍ എടുത്തിട്ടില്ലെന്നും സമീപവാസികള്‍ പറയുന്നു.

അശാസ്ത്രീയമായ റോഡ് നിർമാണത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. തുടർ അപകടങ്ങൾക്ക് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന പ്രദേശവാസികൾ വാഹനങ്ങൾ തടയുകയാണ്.

അതേസമയം, നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും വൻ ജനരോഷമുയർന്നതിനാൽ കഴിഞ്ഞില്ല. നിലവിൽ എംഎൽഎ സ്ഥലത്ത് തുടരുകയാണ്.

പാലക്കാട് കരിമ്പാ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പനയമ്പാടം സ്ഥിരം അപകട സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു. നാളിതുവരെ 55 അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. പാലക്കാട് കരിമ്പാ പഞ്ചായത്തിലാണ് പനയമ്പാടം. 2022 വരെയുള്ള കണക്ക് പ്രകാരം 7 പേർ മരിച്ചു. 65 പേർക്കാണ് പരുക്കേറ്റത്. മഴ പെയ്താൽ ഇവിടുത്തെ വളവ് അപകടക്കെണിയാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

ഇറക്കവും വളവുമാണ് റോഡിന്‍റെ ഈ ഭാഗത്തുള്ളത്. അപകടം സ്ഥിരമായപ്പോൾ ഇവിടെ റോഡിന്‍റെ വീതി കൂട്ടിയെങ്കിലും അപകടങ്ങൾക്ക് കുറവില്ലെന്നതാണ് വസ്തുത. ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന 2 സ്കൂളുകളഉം പ്രദേശത്തുണ്ട്. എന്ത് ധൈര്യത്തിൽ കുട്ടികളെ സ്കൂളിൽ വിടുമെന്നാണ് പ്രദേശവാസികളായ രക്ഷകർത്താക്കളുടെ ചോദ്യം.

ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. സിമന്‍റ് ലോറി ഉയർത്തിയിട്ടുണ്ട്. ലോറിക്കടിയിൽ 5 കുട്ടികൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മരിച്ച പെണ്‍കുട്ടികളുടെ മൃതദേഹങ്ങളും തച്ചമ്പാറ ഇസാഫ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ രണ്ട് ലോറി ഡ്രൈവർമാരും മദർ കെയർ ആശുപതിയിലുണ്ട്. എന്നാൽ ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

Comments (0)
Add Comment