തദ്ദേശതെരഞ്ഞെടുപ്പ് : 5 ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി ; വിധിയെഴുതുന്നത് 88 ലക്ഷത്തിലേറെ വോട്ടർമാർ

Jaihind News Bureau
Tuesday, December 8, 2020

 

തിരുവനന്തപുരം : ആദ്യഘട്ട തദ്ദേശതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. കര്‍ശന കൊവിഡ‍് നിയന്ത്രണങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ്.

രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ്  വോട്ടിങ് സമയം. സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഒന്നരലക്ഷം പോളിംഗ് ഉദ്യോഗസ്ഥരാണ് രംഗത്തുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡിന് പുറമേ മറ്റ് 11 രേഖകള്‍ ഉപയോഗിച്ചും വോട്ട് രേഖപ്പെടുത്താം.

ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്ക് പിപിഇ കിറ്റണിഞ്ഞ് പോളിംഗിന്‍റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. 395 തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ട് ചെയ്യാനായി 11,225 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പോളിംഗ്. ക്യൂവിൽ ആറടി അകലം പാലിക്കണം. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. ഒരു സമയം ബൂത്തിൽ മൂന്ന് വോട്ടർമാരെ മാത്രമേ പ്രവേശിപ്പിക്കൂ. അതേസമയം രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. എറണാകുളം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളാണ് മറ്റന്നാൾ ബൂത്തിലെത്തുന്നത്.