കാട്ടാനയുടെ ആക്രമണത്തില്‍ ബാലിക മരിച്ചതില്‍ വനംവകുപ്പിനെതിരെ വന്‍ പ്രതിഷേധം : നാട്ടുകാർ റോഡ് ഉപരോധിച്ചു

Jaihind Webdesk
Tuesday, February 8, 2022


തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ചുവയസ്സുകാരി മരിച്ചതിനു പിന്നാലെ വനം വകുപ്പിനെതിരെ  നാട്ടുകാരുടെ പ്രതിഷേധം. വന്യമൃഗ ശല്യം നിരന്തരമുണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

വാല്‍പ്പാറ, മലക്കപ്പാറ ഭാഗത്തുനിന്നും ചാലക്കുടിയിലേക്ക് അതിരപ്പിള്ളി വഴി വരുന്ന പ്രധാന റോഡ് നാട്ടുകാര്‍ ഉപരോധിച്ചു. വര്‍ഷങ്ങളായി ഈ മേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാണ്. ആന, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം നാട്ടുകാര്‍ക്കു നേരെ ഉണ്ടാകുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ ഉപരോധം.

വന്യമൃഗങ്ങളുടെ ആക്രമണം അതിരപ്പിള്ളി ഗ്രാമവാസികളെ അലട്ടാന്‍ തുടങ്ങിയിട്ട് കാലങ്ങളായെന്നും പച്ചമുളകു പോലും കൃഷി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും പ്രദേശവാസികളില്‍ ഒരാള്‍ മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. കുരങ്ങ്, അണ്ണാന്‍, മാന്‍ തുടങ്ങിയ മൃഗങ്ങളുടെ ശല്യവുമുണ്ട്. ജനങ്ങളുടെ ജീവന് ഭീഷണിയായ സാഹചര്യത്തില്‍കൂടിയാണ് പ്രതിഷേധവുമായി മുന്നോട്ടുവന്നിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കണ്ടെത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് സ്‌കൂട്ടറില്‍ പോകുകയായിരുന്ന കുടുംബത്തിനു നേരെയുള്ള കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ചുവയസ്സുകാരി മരിച്ചത്. മാള പുത്തന്‍ചിറ മൂരിക്കാട് സ്വദേശി കച്ചട്ടില്‍ നിഖിലിന്‍റെയും അജന്യയുടെയും മകള്‍ ആഗ്‌നിമിയയാണ് കൊല്ലപ്പെട്ടത്. നിഖിലിനും ഭാര്യയുടെ അച്ഛന്‍ ജയനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാത്രി ഏഴോടെ ചാലക്കുടിയില്‍ നിന്ന് അതിരപ്പിള്ളിയിലേക്കുള്ള വഴിയിലായിരുന്നു സംഭവം.