തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കല്ലറ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യു.ഡി.എഫ്

Jaihind Webdesk
Friday, June 28, 2019

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കല്ലറ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്ത് യു.ഡി.എഫ്. വെള്ളംകുടി വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജി ശിവദാസന്‍ 143 വോട്ടുകള്‍ക്കാണ് വിജയിച്ചതോടെയാണ് പഞ്ചായത്ത് ഭരണവും യു.ഡി.എഫ് പിടിച്ചെടുത്തത്.

വെള്ളംകുടി വാര്‍ഡിലെ എല്‍.ഡി.എഫ് അംഗമായിരുന്ന സജു കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പതിനേഴ് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ എല്‍.ഡി.എഫിന് 9 അംഗങ്ങളും യു.ഡി.എഫിന് എട്ട് പേരുമാണ് ഉണ്ടായിരുന്നത്. എല്‍.ഡി.എഫ് അംഗം സജു രാജി വെച്ചതോടെ യു.ഡി.എഫിന്‍റെയും എല്‍.ഡി.എഫിന്‍റെയും അംഗങ്ങളുടെ എണ്ണം തുല്യമായി. ആര് ജയിച്ചാലും പഞ്ചായത്ത് ഭരണം അവര്‍ക്കാകുമെന്നതിനാല്‍ വാശിയേറിയ പോരാട്ടമാണ് ഇവിടെ നടന്നത്.

യു.ഡി.എഫ് സ്ഥാനാര്‍ഥി ജി ശിവദാസന്‍ 143 വോട്ടിന് ജയിച്ചതോടെ കല്ലറ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. എസ് ലതയായിരുന്നു ഇവിടുത്തെ ഇടത് സ്ഥാനാര്‍ഥി. ബി.ജെ.പി സ്ഥാനാർഥിക്ക് 66 വോട്ടുകള്‍ മാത്രമെ നേടാനായുള്ളൂ.