തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം : പരസ്യപ്രചാരണത്തിന് ഇന്ന് അവസാനം ; അവസാന മണിക്കൂറുകള്‍ ആവേശമാക്കാന്‍ മുന്നണികള്‍

Jaihind News Bureau
Saturday, December 12, 2020

 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. ഡിസംബര്‍ 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തെരഞ്ഞെടുപ്പ്.  വോട്ടെണ്ണല്‍ ബുധനാഴ്ച നടക്കും.

അവസാന മണിക്കൂറുകള്‍ ആവേശകരമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികള്‍. കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പ്രചാരണരംഗത്ത് സജീവമായത്. കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. 16 നാണ് വോട്ടെണ്ണല്‍ നടക്കുക. കോഴിക്കോട് കോര്‍പ്പറേഷനില്‍ പുതിയ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എല്‍ഡിഎഫിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നേരത്തെ ചില അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. വികസനമാറ്റങ്ങളും ജനക്ഷേമ പരിപാടികളും എങ്ങനെ സ്വാധീനിച്ചുവെന്ന് വരും ദിവസങ്ങളില്‍ പ്രതിഫലിക്കും.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കള്ളവോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തുമെന്നും തിരിച്ചറിയല്‍ കാര്‍ഡുകളുടെ പരിശോധന കാര്യക്ഷമമാക്കുമെന്നും കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കാസര്‍കോട് ഇത്തവണ പോരാട്ടം കനക്കും. ബിജെപിക്ക് സ്വാധീനമുള്ള മഞ്ചേശ്വരം മേഖലയില്‍ ത്രികോണപോര് തന്നെയാകും ഇത്തവണയും ഉണ്ടാകുക.