തദ്ദേശ തെരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളായ സിഡബ്ല്യുസി ചെയർമാന്മാർ അടക്കമുള്ളവർ അയോഗ്യരാകാതിരിക്കാന്‍ സർക്കാരിന്‍റെ വഴിവിട്ട നീക്കം

Jaihind News Bureau
Saturday, November 21, 2020

 

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാന്മാരുടെയും അംഗങ്ങളുടെയും സ്ഥാനാർഥിത്വം അയോഗ്യമാകാതിരിക്കാൻ സർക്കാരിന്‍റെ വഴിവിട്ട നീക്കം. ഇടതുപക്ഷ സഹയാത്രികരായ ചെയർമാന്മാരുടെയും അംഗങ്ങളുടെയും രാജി മുൻകാല പ്രാബല്യത്തോടെ സ്വീകരിച്ച്  ഉത്തരവിറക്കിയാണ് സർക്കാർ ചട്ടവിരുദ്ധമായ നീക്കം നടത്തിയത്.

പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചൈൽഡ് വെൽഫയർ കമ്മിറ്റിയിലെയും ജുവനയിൽ ബോർഡിലെയും ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ സ്ഥാനങ്ങളിൽ നിന്നുള്ള രാജിയാണ് നാമനിർദ്ദേശ പത്രിക സമർപ്പണ തീയതിക്ക് മുൻപുള്ള ദിവസം മുൻകാല പ്രാബല്യത്തോടെ സ്വീകരിച്ച് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ഉത്തരവിറക്കിയത്. ആലപ്പുഴയിലെ സിഡബ്ല്യുസി അംഗത്തിന്‍റെ രാജി സ്ക്രൂട്ടനി ദിവസമായ ഇന്നാണ് മുൻകാലപ്രാബല്യത്തിൽ സ്വീകരിച്ച് സർക്കാർ ഉത്തരവിറക്കിയത്.

റ്റി. സക്കീർഹുസൈൻ, സുരേഷ് കുമാർ, തങ്കമണി (പത്തനംതിട്ട ) സുജ.എസ്.രാജു (കോട്ടയം ), എന്‍.എസ് അജയകുമാർ (തിരുവനന്തപുരം ) പി.എസ് ഷാജി (ആലപ്പുഴ ) എന്നിവരുടെ രാജി ആണ് മുൻകാല പ്രാബല്യത്തോടെ സ്വീകരിച്ചതെന്നാണ് ആക്ഷേപം.

ഈ സ്ഥാനത്തിരിക്കുന്നവർ സ്ഥാനം രാജി വയ്ക്കുന്നതിനു ഒരുമാസം മുൻപ് സർക്കാരിന് രാജി സമർപ്പിക്കണമെന്നതാണ് നിലവിലെ ചട്ടം. രാജി സ്വീകരിച്ച് സർക്കാർ ഉത്തരവിറക്കുന്നത് വരെ അവർ തൽസ്ഥാനത്തുതുടരണം. മൂന്ന് ദിവസം മുൻപാണ് ഇവർ രാജികത്തു നൽകിയത്. മുൻകാല പ്രാബല്യത്തോടെ രാജി സ്വീകരിച്ചതായ ഉത്തരവ് ഇറക്കിയത് രാഷ്ട്രീയ താല്‍പര്യങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇത് ശിശുക്ഷേമ നിയമ വ്യവസ്ഥകൾക്ക് എതിരാണ്. ശിശുക്ഷേമത്തിനും ശിശുസുരക്ഷയ്ക്കും ഉത്തരവാദിത്തപ്പെട്ട ചെയർമാനും അംഗങ്ങളും പകരം സംവിധാനം ഉണ്ടാകുന്നതുവരെ സ്ഥാനം ഒഴിയുന്നത് നിയമപരമല്ല. സർക്കാർ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മുൻകാല പ്രാബല്യത്തോടെ രാജി സ്വീകരിക്കുന്നത് അധികാര ദുർവിനിയോഗമാണെന്നും ആക്ഷേപമുണ്ട്.

പകരം ഉത്തരവാദിത്തം ആരെയും ഏല്‍പിച്ചിട്ടില്ല എന്നതും സർക്കാരിന്റെ ഭാഗത്തുള്ള ഗുരുതരമായ വീഴ്ചയാണ്. ഇതിനിടെ രാജി സ്വീകരിച്ച നടപടി ക്രമവിരുദ്ധമായതുകൊണ്ട് ഇവരുടെ സ്ഥാനാർത്ഥിത്വം അംഗീകരിക്കരുതെന്ന് നാമനിർദ്ദേശപത്രിക പരിശോധനവേളയിൽ എതിർ സ്ഥാനാർഥികൾ ഉന്നയിച്ചുവെങ്കിലും വരണാധികാരിമാർ ചെവികൊണ്ടില്ലെന്നും ആരോപണമുണ്ട്.

ശിശുക്ഷേമ പ്രവർത്തനങ്ങളും സുരക്ഷ പ്രവർത്തനങ്ങളും തകിടം മറിക്കുന്ന നിയമവിരുദ്ധമായ സർക്കാർ ഉത്തരവ് അടിയന്തിരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ സംരക്ഷണ സമിതി ചെയർമാൻ ആർ.എസ് ശശികുമാറും സെക്രട്ടറി ഉള്ളൂർ മുരളിയും മുഖ്യമന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.