തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ വിജയം ഇടതുപക്ഷമുന്നണിക്കാണെന്ന് പറയുന്നവരോട് ചില ചോദ്യങ്ങളുണ്ട്.
തെരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളില്‍ 22 സീറ്റ് കൈവശമുണ്ടായിരുന്ന സി.പി.എമ്മിന് ഒരു സീറ്റ് കുറഞ്ഞപ്പോള്‍ യു.ഡി.എഫിനും ഒരു സീറ്റ് കുറഞ്ഞു. നിലവിലുള്ളതില്‍ 7 സീറ്റ് യു.ഡി.എഫിന് നഷ്ടപ്പെട്ടപ്പോള്‍ 6 എണ്ണം എല്‍.ഡി.എഫില്‍നിന്ന് പിടിച്ചെടുത്തു. എന്നാല്‍ എല്‍.ഡി.എഫിന്റെ ആറ് സീറ്റ് നഷ്ടപ്പെട്ടത് വിജയത്തിന്റെ കണക്കിലാണ് സൈബര്‍ സഖാക്കള്‍ ആഘോഷിക്കുന്നത്.
തിരുവനന്തപുരത്ത് മന്ത്രിമാര്‍ ഉള്‍പ്പെടെ കോര്‍പറേഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്ലാ അടവുകളും പയറ്റിയെങ്കിലും കോര്പറേഷന് രണ്ടും കോണ്‍ഗ്രസ് വിജയിച്ചത് വമ്പിച്ച ഭൂരിപക്ഷത്തോടെയാണ്.
28 വര്‍ഷങ്ങളായി സി.പി.എം ഭരിക്കുന്ന കൊല്ലത്തെ വിളക്കുടി പഞ്ചായത്ത് കോണ്‍ഗ്രസ് പിടിച്ചെടുത്തത് വന്‍ മുന്നേറ്റത്തിന് ഉദാഹരണമാണ്. പത്തനംതിട്ടയില്‍ ബി.ജെ.പി നിലംപരിശായപ്പോള്‍.കെ.എസ്.യു നേതാവ് അട്ടിമറിവിജയമാണ് നേടിയത്.
കോട്ടയത്ത് യു.ഡി.എഫ് തന്നെയാണ് വിജയിച്ചത്. ഇടുക്കിയിലെ കോണ്‍ഗ്രസ് വിജയം തിളക്കമേറിയതാണ്. മത്സരിച്ച മൂന്നിടത്തും സി.പി.എം തോറ്റു എന്നത് കോണ്‍ഗ്രസിന്റെ കരുത്താണ് കാണിക്കുന്നത്. തൃശൂരിലെ എല്‍.ഡി.എഫ് വാര്‍ഡുകള്‍ നിലനിര്‍ത്തി എന്നതിനപ്പുറം ഒന്നും അവകാശപ്പെടാനില്ല. മലപ്പുറം ബ്ളോക്ക് പഞ്ചായത്ത് ഉള്‍പ്പടെ യു.ഡി.എഫ് വിജയിച്ചു. വയനാട്ടില്‍ സി.പി.എമ്മില്‍നിന്ന് സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ ഒരെണ്ണം കോണ്‍ഗ്രസ് പിടിച്ചെടുത്തത് അക്ഷരാര്‍ഥത്തില്‍ ഇടതുമുന്നണിയെ ഞെട്ടിക്കുക തന്നെ ചെയ്തു.
കണ്ണൂരില്‍ കോണ്‍ഗ്രസ് കോട്ടയിലേക്ക് കയറാന്‍ സി.പി.എമ്മിന് കഴിഞ്ഞില്ല. കോഴിക്കോട് ,പാലക്കാട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ സി.പി.എം ശക്തികേന്ദ്രങ്ങളിലെ അവരുടെ സീറ്റ് അവര്‍ നിലനിര്‍ത്തിയത് വലിയ കാര്യമായി കാണാന്‍ കഴിയില്ല. ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനകള്‍ ബി.ജെ.പി അപ്രസക്തമാകുന്നു എന്നതാണ്. ശബരിമലയടക്കം ബി.ജെ.പി പല പ്രശ്നങ്ങളും ഈ ഉപതെരഞ്ഞെടുപ്പില്‍ പ്രചരണവിഷയമാക്കിയെങ്കിലും രാഷ്ട്രീയനേട്ടം ബി.ജെ.പിക്ക് ഉണ്ടാക്കാനായില്ലെന്നത് ഭാവിരാഷ്ട്രീയത്തിന്റെയും ദിശാസൂചികയാണ്.