കേരളം വീണ്ടും തെരഞ്ഞടുപ്പ് ചൂടിലേക്ക്; 44 തദ്ദേശഭരണ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 27ന്

Jaihind Webdesk
Sunday, June 2, 2019

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആവേശം അവസാനിക്കുന്നതിന് മുമ്പ് കേരളത്തില്‍ വീണ്ടും തെരഞ്ഞെടുപ്പുകാലത്തിന് ഒരുക്കമായി. 12 ജില്ലകളിലായി 44 തദ്ദേശഭരണ വാര്‍ഡുകളില്‍ 27നു വോട്ടെടുപ്പ് നടക്കും. ആറ് നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ്, ഇതിന് മുന്നോടിയായി തദ്ദേശഭരണ വാര്‍ഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

44 ല്‍ 33 എണ്ണവും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളാണ്. 6 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, 5 നഗരസഭാ വാര്‍ഡുകള്‍ എന്നിവയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു വാര്‍ഡുകള്‍. കോഴിക്കോട്, കാസര്‍കോട് ജില്ലകളിലൊഴിച്ച് 12 ജില്ലകളിലും തെരഞ്ഞടുപ്പുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തില്‍ പരസ്പരം കുറ്റപ്പെടുത്തലുകളും വിഴുപ്പലക്കലുമായി കലങ്ങി മറിഞ്ഞ സാഹചര്യമാണ് എല്‍.ഡി.എഫില്‍. ഇതില്‍ നിന്ന് ഒരു മാറ്റത്തിന് ഈ ഉപതെരഞ്ഞെടുപ്പിലെ വിജയം അനിവാര്യമായ നിലയിലാണ് കോടിയേരിയും കൂട്ടരും.

ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പരമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ച സംഭവിച്ചതായി നേതൃത്വം തന്നെ വിലയിരുത്തിയ സാഹചര്യത്തില്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനത്തിനായി എല്ലാ പരിശ്രമവും നടത്തണമെന്ന നിര്‍ദേശമാണു ജില്ലാ കമ്മിറ്റികള്‍ക്കു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നല്‍കിയിരിക്കുന്നത്. 19 മണ്ഡലങ്ങളില്‍ നേടിയ വന്‍വിജയത്തില്‍ അമിതമായി ആഹ്ലാദിക്കാതെ തെരഞ്ഞെടുപ്പിന് സജ്ജമാകാനാണ് യു.ഡി.എഫ് നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്.