നവവധു ജീവനൊടുക്കി : ആലുവ സി.ഐക്കും ഭർതൃവീട്ടുകാർക്കുമെതിരെ ആത്മഹത്യാക്കുറിപ്പ്

Jaihind Webdesk
Tuesday, November 23, 2021

കൊച്ചി : സ്ത്രീധന പീഡനത്തെ തുടർന്ന് ആലുവയിൽ നവവധു ആത്മഹത്യ ചെയ്തു. എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21) ആണ് തൂങ്ങി മരിച്ചത്. എല്‍എല്‍ബി വിദ്യാർത്ഥിനിയാണ്. ഭർതൃവീട്ടുകാർക്കും ആലുവ സി.ഐക്കുമെതിരെ നടപടി എടുക്കണമെന്ന് മോഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.  ഇന്നലെ പൊലീസ് സ്റ്റേഷനിൽ ഭർതൃവീട്ടുകാരെ വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോഫിയ ആത്മഹത്യ ചെയ്തത്.

ഭർതൃവീട്ടുകാർ പണം ചോദിച്ചു ബുദ്ധിമുട്ടിച്ചിരുന്നു. പൊലീസ് സ്റ്റേഷനില്‍ ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ സിഐ തന്നെ ചീത്ത പറഞ്ഞു.  ഭർത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവർക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്‍റെ അവസാന ആഗ്രഹമാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.

അതേസമയം ആലുവ സിഐക്കെതിരെ മോഫിയയുടെ പിതാവ് രംഗത്ത്. പരാതിയുമായി എത്തിയ മകള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ നേരിടേണ്ടി വന്നത് ക്രൂരമായ അവഹേളനമെന്നും സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും അച്ഛന്‍ പറഞ്ഞു.