മോദിക്കും ബി.ജെ.പി നേതൃത്വത്തിനുമെതിരെ ഒളിയമ്പുകളുമായി എല്‍ കെ അദ്വാനിയുടെ ബ്ലോഗ്

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായ അവസരത്തില്‍ പാര്‍ട്ടിയിലെ ജനാധിപത്യത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ ബ്ലോഗ്. ‘രാഷ്ട്രം ആദ്യം, സംഘടന പിന്നീട്, വ്യക്തി ഒടുവില്‍’ എന്നാണ് അദ്വാനി അഞ്ച് വര്‍ഷത്തിന് ശേഷം എഴുതിയിരിക്കുന്ന ബ്ലോഗിന് തലക്കെട്ടിട്ടിരിക്കുന്നത്. മോദിയും അമിത് ഷായും അടക്കമുള്ള ബി.ജെ.പി നേതൃത്വത്തിനെതിരെ ഒളിയമ്പെയ്യുന്നതാണ് എല്‍.കെ അദ്വാനി ബ്ലോഗ്. ബി.ജെ.പി സ്ഥാപക ദിനമായ ഏപ്രില്‍ ആറിന് മുന്നോടിയായാണ് പാര്‍ട്ടി സ്ഥാപകനേതാക്കളില്‍ ഒരാളായ അദ്വാനി ബ്ലോഗില്‍ പോസ്റ്റിട്ടിരിക്കുന്നത്.

1991മുതല്‍ ആറ് തവണ തുടര്‍ച്ചയായി ലോകസഭയിലെത്തിച്ച ഗാന്ധിനഗറിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അദ്വാനി ആരംഭിക്കുന്നത്. ഇത്തവണ ഗാന്ധി നഗറില്‍ നിന്നും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായാണ് മത്സരിക്കുന്നത്. 2014 ലോകസഭാ തെരഞ്ഞെടുപ്പില്‍ തന്നെ 75 വയസിന് മുകളില്‍ പ്രായമുള്ള നേതാക്കള്‍ മത്സരിക്കുന്നതിന് മോദി അമിത്ഷാ സഖ്യം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അന്ന് അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ഇളവ് ലഭിച്ചെങ്കിലും ഇത്തവണ സീറ്റ് നിഷേധിക്കുകയായിരുന്നു.

പതിനാലാം വയസില്‍ ആര്‍.എസ്.എസില്‍ ചേര്‍ന്നതു മുതല്‍ രാഷ്ട്ര സേവനം മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും ആ ബന്ധം ഏഴ് പതിറ്റാണ്ടിലേറെയായി തുടരുന്നുവെന്നും അദ്വാനി പറയുന്നു. ഏതൊരു സാഹചര്യത്തിലും രാഷ്ട്രം ആദ്യം, സംഘടന പിന്നീട്, ഒടുവില്‍ വ്യക്തിയെന്ന പ്രമാണം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചിരുന്നു. വൈവിധ്യത്തെ അംഗീകരിക്കലും ആവിഷ്‌കാര സ്വാതന്ത്ര്യവുമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തഃസത്തയെന്നും അദ്വാനി ഓര്‍മ്മിപ്പിക്കുന്നുണ്ട്.

രാഷ്ട്രീയ എതിരാളികളെ ഒരിക്കലും ശത്രുക്കളായി ബി.ജെ.പി കരുതിയിരുന്നില്ല. രാഷ്ട്രീയമായി എതിര്‍ചേരിയില്‍ നില്‍ക്കുന്നവരെ ദേശവിരുദ്ധരെന്ന് ഒരിക്കലും നമ്മള്‍ മുദ്രകുത്തിയിട്ടില്ലെന്നും അദ്വാനി പറയുന്നു. ജനാധിപത്യത്തെയും ജനാധിപത്യ പാരമ്പര്യത്തെയും സംരക്ഷിക്കുന്നതില്‍ ബി.ജെ.പി വഹിച്ച പങ്ക് വലുതാണെന്ന് പറയുന്ന അദ്വാനി അടിയന്തരാവസ്ഥക്കാലത്തെ ആര്‍.എസ്.എസ് നിലപാടുകളെക്കുറിച്ചും പറയുന്നുണ്ട്.

മാധ്യമങ്ങളടക്കമുള്ള എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും സ്വതന്ത്രവും സത്യസന്ധവും കരുത്തുറ്റതും നീതിയുക്തവുമായി പ്രവര്‍ത്തിക്കണമെന്നാണ് ബി.ജെ.പിയുടെ താല്‍പര്യം. ഇതിനായി ബി.ജെ.പി എക്കാലവും മുന്‍നിരയിലുണ്ടായിരുന്നതായും അദ്വാനി അവകാശപ്പെടുന്നു.

modibjp
Comments (0)
Add Comment