മന്ത്രിസ്ഥാനം ലഭിച്ചില്ല, എല്‍ജെഡിയില്‍ പൊട്ടിത്തെറി ; ശ്രേയാംസ് കുമാറിനെതിരെ രൂക്ഷവിമര്‍ശനം

Jaihind Webdesk
Thursday, May 20, 2021

 

തിരുവനന്തപുരം : മന്ത്രിസ്ഥാനം ലഭിക്കാത്തതിനെച്ചൊല്ലി എല്‍ജെഡിയില്‍ പൊട്ടിത്തെറി. സംസ്ഥാന പ്രസിഡന്‍റ് എം.വി. ശ്രേയാംസ്കുമാറിനെതിരെ സംസ്ഥാന സെക്രട്ടേറിയേറ്റിലും ജില്ലാ സെക്രട്ടേറിയേറ്റിലും രൂക്ഷവിമര്‍ശനം ഉണ്ടായി. ജെഡിഎസുമായി ലയിക്കണമെന്ന സിപിഎം നിര്‍ദേശവും എല്‍ജെഡി തള്ളി.

കൂത്തുപറമ്പില്‍ നിന്ന് ജയിച്ച കെ.പി. മോഹനനാണ് സഭയില്‍ എല്‍ജെഡിയുടെ ഏകപ്രതിനിധി. ഘടകകക്ഷികളിൽ ബാക്കിയുള്ള എല്ലാവർക്കും പ്രാതിനിധ്യം ലഭിച്ചപ്പോൾ കെ.പി.മോഹനന്‍ മാത്രം പുറത്തായി. എല്‍ജെഡിക്ക് അവസരം നല്‍കേണ്ടന്നായിരുന്നു സിപിഎം തീരുമാനം. ഈ തിരുമാനം തിരുത്തിക്കാനും മന്ത്രിസ്ഥാനം വാങ്ങിയെടുക്കാനും സംസ്ഥാന പ്രസിഡന്‍റ് എം.വി. ശ്രേയാംസ് കുമാറിനും നേതൃത്വത്തിനും ആയില്ലെന്നാണ് ഉയരുന്ന വിമര്‍ശനം. അതേസമയം ശ്രമിക്കാവുന്നതിന്‍റെ പരമാവധി ശ്രമിച്ചുവെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം.

ജെഡിഎസുമായി ലയിക്കണമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എല്‍ജെഡിയോട് സിപിഎം ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിന് ശേഷവും സിപിഎം ഈ നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍ ആവശ്യം എല്‍ജെഡി തള്ളി. പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങളില്‍ സിപിഎം ഇടപെടേണ്ടതില്ലെന്നാണ് എല്‍ജെഡിയുടെ നിലപാട്.