സാക്ഷരതാ മിഷന്‍ ആസ്ഥാന മന്ദിരം നിർമ്മിച്ചത് സര്‍ക്കാരിന്‍റെ 43 സെന്‍റ് സ്ഥലം കയ്യേറി ; രേഖകള്‍ പുറത്ത്

Jaihind Webdesk
Saturday, July 17, 2021

സാക്ഷരതാ മിഷന്‍ ആസ്ഥാന മന്ദിരം നിര്‍മിച്ചത് സര്‍ക്കാര്‍ സ്ഥലം കയ്യേറി എന്ന് രേഖകള്‍. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 43 സെന്‍റ് സ്ഥലം കയ്യേറിയാണ് സാക്ഷരത മിഷന്‍ തിരുവനന്തപുരത്ത് ആസ്ഥാന മന്ദിരം നിര്‍മിച്ചതെന്ന് നഗരസഭ രേഖകള്‍ വ്യക്തമാക്കുന്നു. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഗുരുതര ക്രമക്കേട് നടത്തിയെന്നും രേഖകള്‍ വ്യക്തമാക്കുന്നു

തിരുവനന്തപുരം പേട്ടയില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ പേരിലൂളളഒരു ഏക്കര്‍ 40 സെന്റ് സ്ഥലത്തില്‍ 16 സെന്റില്‍ ആസ്ഥാന മന്ദിരം നിര്‍മിക്കാനുള്ള അനുമതിയാണ് സര്‍ക്കാര്‍ സാക്ഷരത മിഷന് നല്‍കിയത്. എന്നാല്‍ 43 സെന്‍റ്  കയ്യേറി കെട്ടിടം നിര്‍മിച്ചുവെന്നാണ് നഗരസഭയുടെ കണ്ടെത്തല്‍.കെട്ടിട നിര്‍മാണത്തിന്റെ കാര്യത്തിലും ഗുരുതര ക്രമക്കേടാണ് സാക്ഷരത മിഷന്‍ നടത്തിയത്. 16 സെന്റ് സ്ഥലത്ത് 7000 ചതുരശ്ര അടി കെട്ടിടം നിര്‍മിക്കാനാണ് സാക്ഷരത മിഷന് സര്‍ക്കാരില്‍ നിന്നുള്ള അനുമതി. എന്നാല്‍ ഇത് ലംഘിച്ചു പണികഴിപ്പിച്ചത് 13,654 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം ആണ്.

നഗരസഭയുടെ അനുമതി വാങ്ങാതെയാണ് 2018 മെയ് മാസം കെട്ടിട നിര്‍മാണം തുടങ്ങിയത്. ഇതിനായി 2018 ഫെബ്രുവരിയില്‍ നഗരസഭയില്‍ അപേക്ഷ നല്‍കിയെങ്കിലും കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് അനുസൃതമ ല്ലാത്തതിനാല്‍ നിരസിച്ചു. മുഖ്യമന്ത്രിയായിരുന്നു കെട്ടിടത്തിന്റെ തറക്കലിടല്‍ കര്‍മ്മം നിര്‍വഹിച്ചത്. കെട്ടിടത്തിന്റെ പണി ഏതാണ്ട് പൂര്‍ത്തിയായ ശേഷം 2019 മാര്‍ച്ച് 30 നാണ് വീണ്ടും നിര്‍മാണ അനുമതിക്കായി നഗരസഭയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

സര്‍ക്കാരിന്റെ 43 സെന്റ് സ്ഥലം കയ്യേറ്റം നടത്തിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ നിര്‍മാണ അനുമതി നിഷേധിച്ചു. ഇത് സംബന്ധിച്ച വിവരം നഗരസഭയുടെ എഞ്ചിനീയറിംഗ് വിഭാഗം 2019 ജൂലൈ 26ന് സാക്ഷരത മിഷന്‍ ഡയറക്ടറെ അറിയിച്ചു. തുടര്‍ന്ന് ഇതേ ആവശ്യം അറിയിച്ചു സാക്ഷരത മിഷന്‍ കത്ത് നല്‍കിയെങ്കിലും 2020 ജൂണ്‍ എട്ടിനും അനുമതി നിഷേധിച്ചു. 2019 ഒക്ടോബറില്‍ ആണ് കെട്ടിടം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചത്. കെട്ടിടം നിര്‍മിക്കാനുള്ള സ്ഥലത്തിന്റെ കൈവശാവകാശം ഇനിയും സാക്ഷരത മിഷന് ലഭിച്ചിട്ടില്ല.

കേവലം 30 ജീവനക്കാര്‍ ഉള്ള സംസ്ഥാന ഓഫീസിനായി 4.87 കോടി രൂപ ചെലവഴിച്ചു ഡയറക്ടര്‍ തന്നിഷ്ട പ്രകാരം നിര്‍മിച്ചത് അഴിമതി ലക്ഷ്യം വച്ചായിരുന്നുവെന്ന ആക്ഷേപവും ശക്തമാണ്. സാമ്പത്തിക പരാധീനതയുടെ പേര് പറഞ്ഞു കഴിഞ്ഞ ആറുമാസം ആയി പ്രേരക് മാരുടെ തുച്ഛമായ വേതനം പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആണ് സാക്ഷരത മിഷന്റെ തനത് ഫണ്ട് ചെലവഴിച്ചുള്ള ധൂര്‍ത്ത് എന്നതാണ് ശ്രദ്ധേയം