‘പ്രധാന ഷോ മാന്‍ പറഞ്ഞത് കേട്ടു; ജനങ്ങളുടെ ദുരിതം അദ്ദേഹത്തിന് വിഷയമേയല്ല’: പ്രധാനമന്ത്രിയെ പരിഹസിച്ച് ശശി തരൂര്‍

Jaihind News Bureau
Friday, April 3, 2020

ന്യൂഡല്‍ഹി : സമ്പൂർണ്ണ ലോക്ക്ഡൌണിന് ശേഷം രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ലോക്ക്ഡൌണില്‍ ദുരിതത്തിലായ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒന്നും പറയാതെ ഏപ്രില്‍ അഞ്ചിന് രാത്രി 9 മണിക്ക് വീടുകളില്‍ വിളക്ക് തെളിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ചാണ് ശശി തരൂര്‍ രംഗത്തെത്തിയത്.

‘പ്രധാന ഷോമാനെ കേട്ടു. ജനങ്ങളുടെ വേദനയും ദുരിതങ്ങളും സാമ്പത്തിക പരാധീനതകളും എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് ഒന്നുമില്ല. ഭാവിയെ കുറിച്ച് ഒരു കാഴ്ചപ്പാടും ഇല്ലാതെ, നിലവിലെ പ്രശ്നങ്ങളൊന്നും പങ്ക് വെക്കാതെ അദ്ദേഹം ലോക്ക് ഡൗണിന് ശേഷമുളള കാലത്തെ കുറിച്ച് പറയുകയാണ്. ഇത് ഇന്ത്യയുടെ ഫോട്ടോ-ഓപ് പ്രധാനമന്ത്രി സംഘടിപ്പിച്ച ഒരു ഫീല്‍ ഗുഡ് അനുഭവം മാത്രം’ – ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

കൊറോണ ഭീഷണി എന്ന ഇരുട്ടിനെ അകറ്റാൻ വീടുകളിൽ വെളിച്ചം തെളിയിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഏപ്രില്‍ 5 രാത്രി 9 മണിക്ക് എല്ലാവരും വീടുകളില്‍ വൈദ്യുതി ലൈറ്റുകള്‍ അണച്ച് 9 മിനിറ്റ് നേരം വിളക്കുകള്‍ തെളിയിക്കാനാണ് പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തത്. വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, മൊബൈല്‍ ഫ്ളാഷ് തുടങ്ങിയവ ഉപയോഗിച്ച് വെളിച്ചം തെളിക്കണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.