കൊവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മദ്യശാലകൾ സമ്പൂർണമായി അടച്ചുപൂട്ടേണ്ടത് അനിവാര്യം : മുഖ്യമന്ത്രിക്ക് വി.എം സുധീരന്‍റെ കത്ത്

Jaihind News Bureau
Friday, May 29, 2020

മാരകവിപത്തായ കൊവിഡ് സാമൂഹ്യ വ്യാപനത്തിന്‍റെ വക്കത്തെത്തി നിൽക്കുകയും രോഗികളുടെ എണ്ണം വൻതോതിൽ വർധിച്ചു വരികയും ചെയ്യുന്ന അതിഗുരുതരമായ ഈ സാഹചര്യത്തിൽ കൊവിഡ് വ്യാപനത്തിന് ഇടവരുത്തുന്ന മദ്യശാലകൾ സമ്പൂർണമായി അടച്ചുപൂട്ടേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രിക്ക് മുൻ കെപിസിസി അധ്യക്ഷൻ വി.എം സുധീരന്‍റെ കത്ത്.

ചില നടപടിക്രമങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയെന്നപേരിൽ മദ്യവിൽപ്പന ആരംഭിക്കുന്നതിന് അനുവദിച്ച സർക്കാർ നടപടികളെല്ലാം സർവ്വതലത്തിലും ആപൽക്കരമായ പ്രത്യാഘാതങ്ങളിലേക്കാണ് നയിക്കുന്നത്. മദ്യവ്യാപന നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നത് മാപ്പർഹിക്കാത്ത ക്രിമിനൽ കുറ്റമാണ്. മദ്യവ്യാപന നടപടികളിൽ നിന്നും സർക്കാർ പിന്തിരിഞ്ഞ് മദ്യശാലകൾ സമ്പൂർണ്ണമായി ഉടനടി അടച്ചുപൂട്ടണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വി.എം സുധീരൻ പറഞ്ഞു.

കത്തിന്‍റെ പൂർണരൂപം :

പ്രിയപ്പെട്ട മുഖ്യമന്ത്രി,

മാരകവിപത്തായ കൊവിഡ് സാമൂഹ്യ വ്യാപനത്തിന്‍റെ വക്കത്തെത്തി നില്‍ക്കുകയും രോഗികളുടെ എണ്ണം ഭയാനകമാംവിധം വന്‍തോതില്‍ വര്‍ധിച്ചു വരികയും ചെയ്യുന്ന അതി ഗുരുതരമായ ഈ സാഹചര്യത്തില്‍ കൊവിഡ് വ്യാപനത്തിന് ഇടവരുത്തുന്ന മദ്യശാലകള്‍ സമ്പൂര്‍ണമായി അടച്ചുപൂട്ടേണ്ടത് അനിവാര്യമായിരിക്കുകയാണ്.

ചില നടപടിക്രമങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയെന്നപേരില്‍ മദ്യവില്‍പ്പന ആരംഭിക്കുന്നതിന് അനുവദിച്ച സര്‍ക്കാര്‍ നടപടികളെല്ലാം സര്‍വ്വ തലത്തിലും ആപല്‍ക്കരമായ പ്രത്യാഘാതങ്ങളിലേക്കാണ് നയിക്കുന്നത്.

ലോക്ക് ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചും റെഡ് സോണിലും കണ്ടെയിന്‍മെന്‍റ് മേഖലയിലും ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലും 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങളിലും മദ്യവില്‍പന നടത്തിയതും സാമൂഹ്യ അകലം പാലിക്കാതെ തോന്നിയതുപോലെ മദ്യവിതരണം നടത്തിയതും സംസ്ഥാനത്തെ അത്യന്തം അപകടകരമായ തലത്തിലേക്കാണ് എത്തിക്കുന്നത്.

നിര്‍ഭാഗ്യവശാല്‍ അതിഗുരുതരമായ ഈ സാഹചര്യത്തെ തികഞ്ഞ ലാഘവത്തോടെ കണ്ടുകൊണ്ട് മദ്യകുത്തക കമ്പനികളുടെയും ബാര്‍ ഉടമകളുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി മദ്യവ്യാപന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് മാപ്പര്‍ഹിക്കാത്ത ക്രിമിനല്‍ കുറ്റമാണ്.

അതുകൊണ്ട് ജനങ്ങളുടെ ജീവന്‍ വച്ച് പന്താടുന്ന മദ്യവ്യാപന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞ് മദ്യശാലകള്‍ സമ്പൂര്‍ണ്ണമായി ഉടനടി അടച്ചുപൂട്ടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹപൂര്‍വ്വം

വി.എം.സുധീരന്‍