തിരുവനന്തപുരം: ഇന്നുമുതൽ ബാറുകളിലും മദ്യ വിൽപന തുടങ്ങുമെന്ന് ബാറുടമകൾ. ലാഭവിഹിതത്തിലെ തർക്കം മൂലമാണ് ബാറുകൾ അടച്ചിട്ടിരുന്നത്. ബെവ്കോ ബാറുകൾക്ക് നൽകുന്ന മദ്യത്തിന്റെ വെയർഹൗസ് ലാഭവിഹിതം എട്ടിൽ നിന്നും 25 ആക്കി കൂട്ടിയിരുന്നു. ഇത് 13 ശതമാനമായി കുറച്ചതോടെയാണ് ബാറുടമകള്‍ മദ്യവില്‍പ്പന പുനരാരംഭിക്കുന്നത്.
ലാഭവിഹിതം സംബന്ധിച്ച തീരുമാനത്തിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ജൂണ്‍ 18 മുതൽ ബാറുകളിൽ മദ്യ വിൽപന നടത്തിയില്ല. ബവ്കോ ലാഭവിഹിതം ഉയർത്താത്ത ബീയർ മാത്രമാണു വിൽപന നടത്തിയത്.എട്ടു ശതമാനമായിരുന്ന ലാഭവിഹിതം 25 ശതമാനമായാണു ബെവ്കോ വർധിപ്പിച്ചത്. ഈ തീരുമാനം പിൻവലിക്കുകയോ മദ്യത്തിന്റെ വിൽപ്പന വില ഉയർത്തുകയോ വേണമെന്ന ആവശ്യമാണ് ബാറുടമകൾ ഉന്നയിച്ചത്. ലാഭമില്ലാതെ വിൽക്കുകയും 10% വിറ്റുവരവ് നികുതി സർക്കാരിലേക്ക് നൽകുകയും ചെയ്യണമെന്ന നിബന്ധന അംഗീകരിക്കാനാകില്ലെന്ന് ബാറുടമകൾ അറിയിച്ചു. കൊവിഡ് ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാനാകില്ല. മദ്യവിൽപ്പന മാത്രമാണ് ഇന്ന് തുടങ്ങുന്നത്. നിലവിൽ ബാറുകൾ വഴി വൈനും ബിയറും വിൽക്കുന്നുണ്ട്. അതേസമയം, കൺസ്യൂമർ ഫെഡും ഇന്ന് മുതൽ മദ്യവിൽപ്പന തുടങ്ങും. കൺസ്യൂമർ ഫെഡിന്റെ ലാഭവിഹിതവും 13 ശതമാനമാക്കി കുറച്ചതായും സർക്കാർ അറിയിച്ചു.
പ്രശ്നം ചർച്ച ചെയ്യാൻ സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. നിലവിൽ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി മാത്രമാണ് മദ്യവിൽപ്പന നടത്തുന്നത്. ബെവ്കോ ഔട്ട്ലെറ്റുകൾക്ക് മുന്നിൽ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഇതിനെതിരെ ഹൈക്കോടതി ഇന്നലെ രൂക്ഷ വിമർശനം ഉയര്‍ത്തിയിരുന്നു.