മദ്യനയ അഴിമതിക്കേസ്; ജാമ്യം തേടി കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ


 

ന്യൂഡൽഹി: മദ്യനയ കേസിൽ ജാമ്യം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ നല്‍കിയത്. സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ മറുപടി പറയാൻ ഡൽഹി ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടു. നേരത്തെ സിബിഐ അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. മൂന്ന് ദിവസത്തെ കസ്റ്റഡി അവസാനിച്ചതോടെയാണ് സിബിഐ കോടതിയില്‍ നിന്നും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിൽ വാങ്ങിയിരുന്നത്.

സൗത്ത് ഗ്രൂപ്പ് മദ്യ നയത്തില്‍ കെജ്‌രിവാള്‍ ഇടപെട്ടു എന്നതിന് തെളിവ് ഉണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സ്വകാര്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ കെജ്‌രിവാള്‍ സൗത്ത് ഗ്രൂപ്പുമായിചര്‍ച്ച നടത്തിയെന്നും സൗത്ത് ഗ്രൂപ്പ് ആവശ്യപ്പെട്ട രീതിയില്‍ നയമുണ്ടാക്കിയെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചത്. ഈ കാര്യങ്ങള്‍ പരിശോധിക്കാന്‍ കെജ്‌രിവാളിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.

കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയായിരുന്നു സിബിഐ തിഹാര്‍ ജയിലിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. ഇതിന് പിന്നാലെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി അദ്ദേഹം പിന്‍വലിച്ചിരുന്നു. ജാമ്യം നടപ്പാക്കുന്നത് തടഞ്ഞ ഡല്‍ഹി ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്താണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഹൈക്കോടതിയുടെ പൂര്‍ണ്ണ ഉത്തരവ് കഴിഞ്ഞദിവസം പുറത്തുവന്ന സാഹചര്യത്തിലായിരുന്നു കെജ്‌രിവാളിന്‍റെ അഭിഭാഷകന്‍റെ നടപടി. ഹര്‍ജി പിന്‍വലിക്കാന്‍ അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് അനുമതി നല്‍കിയത്. സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ ജാമ്യാപേക്ഷ.

Comments (0)
Add Comment