കണ്ണൂര്‍: ടി.പി പ്രതികളെ വിട്ടയക്കാനുള്ള നീക്കവും ബോംബ് നിര്‍മ്മാണവും തമ്മില്‍ ബന്ധമുണ്ടെന്ന് കെ.സുധാകരന്‍ എംപി. മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിനുള്ളില്‍ എതിര്‍ശബ്ദം ഉയര്‍ന്നതിന് പിന്നാലെ ഇരുപത് വര്‍ഷം വരെ ശിക്ഷായിളവ് നല്‍കരുതെന്ന ഹൈക്കോടതി വിധി പോലും മറികടന്ന് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ കൊടുംക്രിമിനലുകളായ മൂന്ന് പ്രതികളെ വിട്ടയയ്ക്കാന്‍ നീക്കം നടന്നതിന് പിന്നില്‍ ദുരൂഹവും നിഗൂഢവുമായ ഗൂഢാലോനയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിന് പിന്നാലെയാണ് ജയില്‍ സൂപ്രണ്ടിന്‍റെ അസ്വാഭാവിക നടപടി. ഉന്നത സിപിഎം ഇടപെടലില്ലാതെ ഒരു ഉദ്യോഗസ്ഥനും കോടതി വിധിക്കെതിരായ നടപടി സ്വീകരിക്കുകയില്ല. കണ്ണൂരില്‍ വ്യാപകമായി ബോംബു നിര്‍മ്മാണം നടക്കുകയും കൊടുംക്രിമിനലുകളെ ജയിലറകളില്‍ നിന്ന് തുറന്ന് വിടുകയും ചെയ്യുന്നതും തമ്മില്‍ ബന്ധമുണ്ട്. ഇനിയും കേരളത്തില്‍ ആരുടെയെക്കയോ രക്തം ഒഴുക്കാന്‍ ടി.പി.ചന്ദ്രശേഖരനെ വധിക്കാന്‍ ഉത്തരവിട്ടവര്‍ നിര്‍ദ്ദേശം നല്‍കിയതിന്‍റെ ഭാഗമാണോ കൊടുംക്രിമിനലുകളെ പുറത്ത് വിടാന്‍ നീക്കം നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം പാളിയപ്പോള്‍ ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരിയും സാങ്കേതികത്വം ചൂണ്ടിക്കാട്ടിയും തടിതപ്പാനാണ് ശ്രമം. നിയമവാഴ്ചയെ തന്നെ വെല്ലുവിളിക്കുകയാണ് പിണറായി സര്‍ക്കാര്‍. ടി.പിയെ 51 വെട്ട് വെട്ടിക്കൊന്ന പ്രതികള്‍ക്ക് വേണ്ടിയാണ് ഈ സര്‍ക്കാരും സിപിഎമ്മും നിലപാടെടുക്കുന്നത്. പിണറായി സര്‍ക്കാരിന്‍റെ കാലയളവില്‍ രണ്ടായിരം ദിവസമാണ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയത്. ടി.പി. ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജയിലിരുന്ന് മാഫിയാ പ്രവര്‍ത്തനം നടത്താന്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള എല്ലാ വിധ ഒത്താശയും ചെയ്ത സര്‍ക്കാരാണ് പിണറായി വിജയന്‍റേത്. മുഖ്യമന്ത്രി ഈ പ്രതികളോട് എന്തിനാണ് ഇത്രയേറെ കടപ്പെട്ടിരിക്കുന്നത് എന്നതറിയാന്‍ കേരളീയ സമൂഹത്തിന് താല്‍പ്പര്യമുണ്ട്. ടി.പി.വധക്കേസില്‍ നീതി ഉറപ്പാക്കാന്‍ കെ.കെ. രമ എംഎല്‍എ നടത്തുന്ന എല്ലാ നിയമപോരാട്ടങ്ങള്‍ക്കും കെപിസിസി പിന്തുണ നല്‍കുമെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.