സംസ്ഥാനത്ത് ഇടിമിന്നൽ മുന്നറിയിപ്പ് തുടരുന്നു

Jaihind Webdesk
Saturday, April 20, 2019

സംസ്ഥാനത്ത് ഇടിമിന്നൽ മുന്നറിയിപ്പ് തുടരുന്നു. കടുത്ത വേനലിന് പിന്നാലെയെത്തിയ മഴയും അതിനോടൊപ്പമുള്ള ഇടിമിന്നലും വോട്ടെടുപ്പ് ദിവസവും തുടർന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതെ സമയം കോട്ടയത്ത് ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല.

21, 23 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ചിലയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും സാദ്ധ്യതയുണ്ട്. അതേസമയം ഇന്നലെ
മുണ്ടക്കയത്ത് ഇടിമിന്നലേറ്റ്  അമ്മയ്ക്കും മകനും പരിക്കേറ്റു. വേങ്ങത്താനം തടത്തിൽ മഞ്ജു, മകൻ 15 വയസുകാരൻ അരവിന്ദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ജുവിൻറെയും മകൻറെയും പരിക്ക് ഗുരുതരമല്ല.

ഇന്ന് പാലക്കാട് ശക്തമായ മഴയ്ക്കുള്ള സാഹചര്യമുള്ളതിനാൽ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 2നും രാത്രി 8നും ഇടയ്ക്ക് മിന്നൽ ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ അതീവ ജാഗ്രതപുലർത്തണം.