മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ലിഫ്റ്റ്; 25.5 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്‍റെ ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം‍ രൂപ അനുവദിച്ച് ഉത്തരവ്. പാസഞ്ചർ ലിഫ്റ്റ് പണിയാനാണ് തുക അനുവദിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പിന്‍റെ ഉത്തരവില്‍ പറയുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ചെലവ് ചുരുക്കാന്‍ ധനവകുപ്പ് നിർദേശം നല്‍കിയിരിക്കുന്നതിനിടെയാണ് നീക്കം.

ഇതാദ്യമായാണ് ക്ലിഫ്ഹൗസിൽ ലിഫ്റ്റ് നിർമിക്കുന്നത്. നേരത്തെ, ക്ലിഫ് ഹൗസിന് ചുറ്റുമതിലും കാലിത്തൊഴുത്തും നിർമിക്കാനായി 42.9 ലക്ഷം രൂപ അനുവദിച്ചത് വിവാദമായിരുന്നു. ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് ഇന്നോവ കാർ വാങ്ങാൻ 32 ലക്ഷം രൂപ അനുവദിച്ച് കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലും നേതാക്കള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

 

Comments (0)
Add Comment