ലൈഫ് മിഷന്‍: ആറ് രേഖകള്‍ ഹാജരാക്കാന്‍ യു.വി ജോസിന് സിബിഐ നിര്‍ദേശം

Jaihind News Bureau
Friday, October 2, 2020

 

കൊച്ചി: ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിനോട് ആറ് രേഖകള്‍ ഹാജരാക്കാന്‍ സിബിഐയുടെ നിര്‍ദേശം. അഞ്ചാം തീയതി സി.ബി.ഐ ഓഫീസിൽ ഹാജരാകുമ്പോൾ രേഖകള്‍ കൈമാറാനാണ് നിർദേശം നൽകിയിരിക്കുന്നത്.

റെഡ് ക്രസന്‍റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാപത്രം, ലൈഫ് മിഷന്‍റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്‍ററും സംബന്ധിച്ച വിവരങ്ങള്‍, പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍, വടക്കാഞ്ചേരി നഗരസഭ, കെഎസ്‍ഇബി എന്നിവയുടെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍, ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്ററും ലൈഫ് മിഷന്‍ പദ്ധതിയുമായുള്ള ബന്ധം, യൂണിടാക്കും സെയ്‍ന്‍ വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ എന്നിവ ഹാജരാക്കാനാണ് സി.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ രേഖകൾ എല്ലാം കിട്ടുന്നതോടെ പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ പൂർണ്ണമായും ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ലൈഫ് മിഷൻ സി.ഇ.ഒ യു വി ജോസ് അല്ലെങ്കില്‍ രേഖകള്‍ വിശദീകരിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥന്‍ ആണ് തിങ്കളാഴ്‍ച ഹാജരാകേണ്ടത്. നിലവില്‍ പദ്ധതിയുടെ നിർമ്മാണ കരാർ ഏറ്റെടുത്ത യൂണിടാക്ക് എം.ഡി, ജി സന്തോഷ് ഈപ്പനെയും, ഭാര്യയേയും വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് ലൈഫ് മിഷൻ തൃശൂര്‍ ജില്ലാ കോഡിനേറ്റര്‍ ജിൻസ് ഡേവിഡ് തുടങ്ങിയവരെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.