ലൈഫ് മിഷൻ: മന്ത്രി എ.സി മൊയ്തീനെ സിബിഐ ഉടൻ ചോദ്യം ചെയ്യും

Jaihind News Bureau
Saturday, September 26, 2020

 

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ മന്ത്രി എ.സി മൊയ്തീനെ സിബിഐ ഉടൻ ചോദ്യം ചെയ്യും. നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള സ്വപ്‌നയേയും  കൂട്ടു പ്രതികളെയും ചോദ്യം ചെയ്യാൻ സിബിഐ നീക്കം തുടങ്ങി. മന്ത്രിമാർ ഉൾപ്പടെയുള്ളവരെ സിബിഐ ചോദ്യം ചെയ്യുന്നതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലാവും.

ലൈഫ് മിഷനും റെഡ്ക്രസന്‍റുമായി നടത്തിയ ഇടപാടുകളുടെ വിശദാംശത്തിനായി സിബിഐ സെക്രട്ടേറിയേറ്റിൽ പരിശോധന ആരംഭിച്ചു. ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിനെയും ഉടൻ ചോദ്യം ചെയ്യും. നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള സ്വപ്‌നയേയും കൂട്ടു പ്രതികളെയും ചോദ്യം ചെയ്യാനും സിബിഐ നടപടി ആരംഭിച്ചു. ഇതിനു പിന്നാലെയാകും ലൈഫ് മിഷന്‍ വൈസ്‌ ചെയര്‍മാന്‍ കൂടിയായ തദ്ദേശവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍റെ മൊഴി രേഖപ്പെടുത്തുക. നേരത്തെ സ്വപ്‌നയുടെ ഇടപെടലിലൂടെ  യൂണിടാക്ക് കമ്പനി നാലര കോടി രൂപ കമ്മീഷനായി ഉന്നതര്‍ക്ക് കൈമാറിയതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. 20 കോടി രൂപയുടെ നിര്‍മ്മാണ കരാര്‍ നല്‍കിയതില്‍ അഞ്ചിലൊന്നു തുക കമ്മീഷന്‍ നല്‍കിയതിലെ അസ്വഭാവികതയും സിബിഐ അന്വേഷിക്കുന്നുണ്ട്. ഈ തുകയില്‍ ഒരു കോടി രൂപ കമ്മീഷനായി മന്ത്രിപുത്രന് നല്‍കിയതായും സ്വപ്ന ഇ ഡിക്ക് മൊഴി നല്‍കിയിരുന്നു. ഇതും സിബിഐ അന്വേഷണ വിധേയമാക്കും.

ഇതിനു പുറമെ ലൈഫ് മിഷന്‍ ഇടപാടില്‍ നാല് കോടി രൂപ അഴിമതി നടന്നിട്ടുണ്ടെന്ന് പരസ്യമായി സമ്മതിച്ച ധനകാര്യമന്ത്രി തോമസ് ഐസക്കും സിബിഐക്ക് മുമ്പിലെത്തേണ്ടിവരും. നിലവില്‍ എഫ്‌സിആര്‍എ നിയമത്തിന്‍റെ ലംഘനമാണ് സിബിഐ അന്വേഷിക്കുന്നത്. എന്നാല്‍ ഈ കേസിന്‍റെ  അന്വേഷണത്തിനിടെ ലഭിക്കുന്ന മറ്റു തെളിവുകള്‍ വച്ച് സിബിഐക്ക് കൂടുതല്‍ അന്വേഷണത്തിന് കഴിയും. ഷെഡ്യൂള്‍ഡ് കേസുകള്‍ മാത്രം അന്വേഷിക്കാനാവുന്ന എന്‍ഐഎയുടെ പരിമിതി സിബിഐക്ക് ഇല്ല എന്നതാണ് സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്നത്.