സാമ്പത്തിക പ്രതിസന്ധിയില്‍ നിശ്ചലമായി ‘ലൈഫ്’; സ്വന്തമായി വീടെന്ന സ്വപ്നം പൊലിഞ്ഞവർ നിരവധി

 

സംസ്ഥാനത്ത് വീടില്ലാത്തവർക്ക് വീടുവെച്ചു നൽകാനുള്ള ലൈഫ് പദ്ധതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിശ്ചലാവസ്ഥയില്‍. ഈ വർഷത്തെ ബഡ്ജറ്റിൽ ലൈഫ് പദ്ധതിക്കായി 717 കോടി രൂപ വകയിരുത്തിയപ്പോൾ ഇക്കാലയളവിൽ ലൈഫ് മിഷന് നൽകിയത് വെറും 18 കോടി രൂപ മാത്രം. ഇതോടെ സ്വന്തമായൊരു വീടെന്ന സ്വപ്നവുമായി ഇറങ്ങിയ നൂറുകണക്കിന് പേർ വഴിയാധാരമായ അവസ്ഥയിലാണ്.

ലൈഫ് പദ്ധതിയിലൂടെ വീട് ലഭിക്കാൻ 9 ലക്ഷത്തിലേറെ പേർ അപേക്ഷ നല്‍കിയിട്ടുണ്ട്. 5.6 ലക്ഷം പേർക്ക് ലൈഫ് പദ്ധതി വഴി വീടു നൽകുമെന്നാണ് രണ്ടാം പിണറായി സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ഈ പദ്ധതിയിലൂടെ വീട് കാത്തു നിൽക്കുന്നവർ കടുത്ത നിരാശയിലാണിപ്പോൾ. ലൈഫ് പദ്ധതിയുടെ ഭാഗമായി തുക അനുവദിക്കാത്തതിനെ തുടർന്ന് ആത്മഹത്യ പോലും സംഭവിക്കുന്നത് നിരാശാജനകമാണ്. അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ലൈഫ് പദ്ധതിയുടെ താളം  തെറ്റിക്കുന്നു.

സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിക്കു പുറമെ ലൈഫ് പദ്ധതിയുടെ നടത്തിപ്പ് ഏജൻസി വഴി സമാഹരിക്കുന്ന തുക കൂടി സംസ്ഥാനത്തിന്‍റെ മൊത്തം കടമെടുപ്പ് പരിധിയിലെത്തും എന്നായതോടെയാണ് ലൈഫിന്‍റെ താളം തെറ്റിത്തുടങ്ങിയത്. ജനറൽ വിഭാഗത്തിനു 4 ലക്ഷവും എസ്‌സി, എസ്ടി വിഭാഗത്തിനു ആറു ലക്ഷവുമാണ് ലൈഫിലൂടെ നൽകുന്നത്. കടുത്ത പ്രതിസന്ധിയിൽ ആടി ഉലയുകയാണ് ലൈഫ് മിഷൻ പദ്ധതി. ഇതോടെ സ്വന്തമായൊരു വീടെന്ന സ്വപ്നവുമായി ഇറങ്ങിയ നൂറുകണക്കിന് പേരാണ് പ്രതീക്ഷകള്‍ അസ്തമിച്ച് വഴിയാധാരമായത്.

Comments (0)
Add Comment