ഷിധിൻ കൊലക്കേസ്: 9 സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം

Jaihind Webdesk
Wednesday, August 14, 2019

തലശേരിയിൽ സി.പി.എം പ്രവർത്തകർ ഏറ്റുമുട്ടി വടക്കുമ്പാട് സ്വദേശി ഷിധിൻ കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എം പ്രവർത്തകരായ ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം. പ്രതികൾ ഓരോ ലക്ഷം രൂപ വീതം പിഴയടക്കണം. സി.ഒ.ടി നസീറിനെ അക്രമിച്ച കേസിലെ മൂന്ന് പ്രതികളും ഇതിൽ ഉൾപ്പെടുന്നു.

സി.പി.എം പ്രവർത്തകനായിരുന്ന ഷിധിനെ കൊലപ്പെടുത്തിയ കേസിൽ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2013 ഒക്ടോബര്‍ നാലിന് രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വടക്കുമ്പാട് കൊളശേരിയിലെയും പാറക്കെട്ട് ഭാഗത്തുമുള്ള സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം ആണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊളശേരി അയോധ്യാ ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് ഷിധിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കൊളശേരിയിലെ ബ്രിട്ടോ, നിഖില്‍രാജ്, കളരിമുക്കിലെ എം ധീരജ്, ദില്‍നേഷ്, സി.കെ നിഹാല്‍, ചെറിയാണ്ടി മിഥുന്‍, കെ അമല്‍ കുമാര്‍, വി.കെ സോജിത്ത്, അമല്‍ എന്ന ഡാഡു എന്നിവരാണ് പ്രതികൾ. ഇതിൽ ബ്രിട്ടോ ഉൾപ്പെടെ 3 പേർ സി.ഒ.ടി നസീർ വധശ്രമ കേസിലും പ്രതികളാണ്.

എല്ലാ പ്രതികളെയും ജീവപര്യന്ത്യം തടവിന് ശിക്ഷിച്ചു. പ്രതികൾ ഓരോ ലക്ഷം രൂപ വീതം പിഴയടക്കണം. തലശേരിയില്‍ സി.ഐ.യായിരുന്ന വി.കെ വിശ്വംഭരനാണ് കേസന്വേഷിച്ച് കുറ്റപത്രംനല്‍കിയിരുന്നത്.