ലൈഫ് പദ്ധതി: റെഡ് ക്രസന്‍റുമായി കരാറിന് മുന്‍കൈയെടുത്തത് എം. ശിവശങ്കര്‍; കരാര്‍ അംഗീകരിച്ച് നല്‍കിയത് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ നല്‍കിയ കുറിപ്പ് അനുസരിച്ച്

Jaihind News Bureau
Thursday, August 13, 2020

 

തിരുവനന്തപുരം: ലൈഫ് പദ്ധതിക്കായി റെഡ് ക്രസന്‍റുമായി കരാറിന് മുന്‍കൈയെടുത്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍. കുറിപ്പിനൊപ്പം കരട് കരാറും ശിവശങ്കര്‍ നല്‍കി. ഒറ്റ ദിവസം കൊണ്ട് പരിശോധിക്കാന്‍ തദ്ദേശഭരണ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ തദ്ദേശഭരണ സെക്രട്ടറിക്ക് നല്‍കിയ കുറിപ്പ് അനുസരിച്ചാണ് കരാര്‍ അംഗീകരിച്ച് നല്‍കിയത്.

2019 ജൂലൈ പത്തിനാണ് എം. ശിവശങ്കര്‍ തദ്ദേശഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഉറപ്പുനല്‍കിയത്. കരട് കരാര്‍ നിയമവകുപ്പിനെ കൊണ്ട് ഒറ്റ ദിവസത്തിനകം പരിശോധിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടു. നിയമവകുപ്പ് അംഗീകരിച്ചു നല്‍കിയ കരാറില്‍ പിന്നീട് മാറ്റം വരുത്തിയതായും സംശയം.

അതിനിടെ ലൈഫ് പദ്ധതിക്കായി ദുബായ് റെഡ്ക്രസന്‍റുമായി കരാർ ഒപ്പിട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. 20 കോടിയുടെ പദ്ധതിക്ക് കരാര്‍ ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയെന്നതിന് തെളിവുകള്‍ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങിന് സാക്ഷിയായത് സ്വർണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ യുഎഇ കോണ്‍സുലേറ്റ് അറ്റാഷേയാണ്. മുഖ്യമന്ത്രിയുടെ തന്നെ ഫേസ്ബുക്ക് പേജില്‍ ചടങ്ങിന്‍റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം സർക്കാരുമായി ബന്ധപ്പെട്ട പദ്ധതിയല്ലെന്നും സർക്കാരുമായി ഒരു ധാരണാപത്രവുമില്ലെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രിയുടെ വാദം. ഇത് പൊളിക്കുന്നതാണ് പുറത്തുവന്ന തെളിവുകള്‍. 2019 ജൂലൈ 11ന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് റെഡ്ക്രസന്‍റ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി മുഹമ്മദ് അതീഫ് അല്‍ ഫലാഹിയും സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. ഈ വിവരങ്ങള്‍ 2019 ജൂലൈ 11ലെ ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.