ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതി: തൃശൂരില്‍ സിപിഎമ്മിനുള്ളിൽ അതൃപ്തി പുകയുന്നു

Jaihind News Bureau
Friday, September 11, 2020

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ലാറ്റ് അഴിമതിയിൽ തൃശൂർ ജില്ലാ സിപിഎമ്മിനുള്ളിൽ അതൃപ്തി പുകയുന്നു. മന്ത്രി എ.സി. മൊയ്തീൻ പലതും ഒളിച്ചു വെയ്ക്കുന്നു എന്നാണ് പാർട്ടി അംഗങ്ങൾക്കിടയിലെ പൊതു വികാരം. അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ കൂടി സംശയ നിഴലിൽ നിൽക്കുമ്പോൾ അമർഷം ഉള്ളിൽ ഒതുക്കുകയാണ് ജില്ലാ നേതൃത്വം.

ലൈഫ് മിഷൻ ഫ്‌ലാറ്റ് വിവാദം തുടങ്ങി ഒരു മാസം പിന്നിട്ടപ്പോഴാണ് സിപിഎം ജില്ലാ നേതൃത്വം വഴിപാട് സമരത്തിനിറങ്ങിയത്. വടക്കാഞ്ചേരിയിലെ പൊതുയോഗം അനിൽ അക്കരയെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള വേദിയാക്കി മാറ്റി നേതൃത്വം സെൽഫ് ഗോൾ അടിക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടേറിയേറ്റംഗം ബേബി ജോൺ നടത്തിയ സാത്താന്‍റെ സന്തതി പ്രയോഗം തിരിച്ചടി ആയെന്നാണ് പൊതു വിലയിരുത്തൽ. ഈ പൊതുയോഗത്തിൽ ഒതുങ്ങി നിൽക്കുകയാണ് സി പി എം പ്രതിരോധം. ലൈഫ് മിഷൻ ഇടപാടിൽ ഒരു കോടി രൂപ കമ്മീഷൻ ലഭിച്ചുവെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് ശേഷം മുഖ്യമന്ത്രിക്കും മന്ത്രി എ.സി മൊയ്തീനും എതിരെ നിരവധി തെളിവുകൾ പുറത്ത് വന്നിരുന്നു. ഹാബിറ്റാറ്റിനെ ഒഴിവാക്കി യൂണിടാക്കിന് കരാർ നൽകിയത് സംബന്ധിച്ച് ഇപ്പോഴും സർക്കാരിന് കൃത്യമായ വിശദീകരണമില്ല. റെഡ് ക്രസന്റാണ് നിർമാണ ഏജൻസിയെ തിരഞ്ഞെടുത്തത് എന്ന വാദം പൊളിഞ്ഞു. മുഖ്യമന്ത്രിയും മന്ത്രി എ.സി. മൊയ്തീനും പങ്കെടുത്ത ലൈഫ് മിഷൻ യോഗമാണ് യൂണിടാക്കിന് വഴിയൊരുക്കിയത് എന്ന് പിന്നീട് വ്യക്തമായി. ഈ ഇടപാടുകളിൽ 9 കോടി രൂപ പലർക്കായി കമ്മീഷൻ വീതം വെയ്പ്പ് നടന്നിട്ടുണ്ട് എന്നാണ് യുഡിഎഫ് ആരോപണം. സിപിഎം ഭരിക്കുന്ന വടക്കാഞ്ചേരി നഗരസഭയെ നോക്കുകുത്തിയാക്കിയാണ് ഈ ഇടപാടുകൾ എല്ലാം നടന്നിട്ടുള്ളത്. അതു കൊണ്ട് തന്നെ പ്രാദേശിക നേതാക്കൾ കടുത്ത അമർഷത്തിലാണ്. ജില്ലയിലെ ഇടതു മുന്നണിയിൽ സി പി ഐ അടക്കമുള്ള ഘടക കക്ഷികൾ ഒന്നും ഈ വിവാദത്തിൽ സർക്കാരിന് സംരക്ഷണ കവചം ഒരുക്കുന്നില്ല എന്നതും ശ്രദ്ധേയം.

 

teevandi enkile ennodu para