ലൈഫ് മിഷനില്‍ സമരം ശക്തമാക്കാൻ കോണ്‍ഗ്രസ്; 27 ന് വടക്കാഞ്ചേരിയിൽ ഏകദിന സത്യഗ്രഹം

 

തൃശൂർ: ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ തൃശൂർ ഡിസിസി യോഗം തീരുമാനിച്ചു.  27 ന് വടക്കാഞ്ചേരിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ, മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരെ പങ്കെടുപ്പിച്ച് ഏകദിന സത്യഗ്രഹം നടത്തും. ഈ കാലയളവിൽ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ സ്വത്തിലുണ്ടായ വർധന അന്വേഷിക്കണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.

ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതി ഹൈക്കോടതി നിരീക്ഷണത്തിൽ സി ബി ഐ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ മുഖ്യമന്ത്രി തുടർച്ചയായി കള്ളം പറയുകയാണ്. സത്യപ്രതിജ്ഞീ ലംഘനം നടത്തിയ പിണറായി വിജയൻ ഒരു നിമിഷം പാഴാക്കാതെ രാജിവെക്കണം. റെഡ് ക്രസന്‍റ്  യൂണിടാക്കിനെ നിർമാണം ഏൽപ്പിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. മുഖ്യമന്ത്രി ഫയൽ വിളിച്ചു വരുത്തിയതിൽ കാര്യമില്ല. കമ്മീഷൻ തുക എങ്ങോട്ട് പോയെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള മുഴുവൻ ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു. 27 ന് വടക്കാഞ്ചേരിയിൽ ഏകദിന സത്യഗ്രഹം സമരത്തിന്‍റെ ആദ്യ ഘട്ടമാണ്. അന്നേ ദിവസം 110 മണ്ഡലങ്ങളിലും അനുഭാവ സത്യഗ്രഹം നടത്താനും ഡിസിസി യോഗം തീരുമാനിച്ചു.

Comments (0)
Add Comment