ഇതാണ് കൃപേഷിന്റെ വീട്. നിര്‍ദ്ധനരായ കുടുംബത്തില്‍ നിന്നുള്ള കൃപേഷ് സാമൂഹിക സേവനത്തിനായി ജീവിതം മാറ്റിവെച്ച ചെറുപ്പക്കാരനെയാണ് സി.പി.എം കാപാലികര്‍ കൊന്നുതള്ളിയത്. സാമൂഹിക സേവനരംഗത്ത് സജീവമായിരുന്നു കൃപേഷും ശരത്‌ലാലും. അവരെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാന്‍ നല്ലതുമാത്രമേയുള്ളൂ. വെറും പത്തൊന്‍പത് വയസ് മാത്രം പ്രായമുള്ള കൃപേഷിന്റെ ജീവിത സാഹചര്യങ്ങള്‍ പരിതാപകരമായിരുന്നു. അച്ഛന്‍, അമ്മ, രണ്ട് സഹോദരിമാര്‍ എന്നിവരടങ്ങുന്നതാണ് കൃപേഷിന്റെ കുടുംബം. ഓലമേഞ്ഞ തകര്‍ന്നു വീഴാറായ വീട്ടിലാണ് അഞ്ചംഗ കുടുംബം താമസിക്കുന്നത്. നേരത്തെ രാഷ്ട്രീയ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് മാറിയാണ് കൃപേഷ് താമസിച്ചിരുന്നത്.
സിപിഎമ്മുകാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് തന്റെ മകന്റെ കൊലപാതകമെന്ന് കൃപേഷിന്റെ അച്ഛന്‍ തന്നെ പറഞ്ഞിരുന്നു. സി.പി.എം പ്രവര്‍ത്തകനാണ് കൃപേഷിന്റെ പിതാവ്. അവര്‍ അവനെ കൊലപ്പെടുത്തുമെന്ന് നേരത്തെ വ്യക്തമായിരുന്നു. നിര്‍ധന കുടുംബമാണ് തന്റേത്, മകന്‍ പോയി ഇനിയെന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് അവന്റെ പഠിത്തം മുടക്കിയതെന്നും കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു. കാസര്‍കോട് സി.പി.എം നേതൃത്വത്തില്‍ നിന്ന് കൃപേഷിനും ശരത് ലാലിനും നേരെ നിരവധി വധ ഭീഷണികളും ഉയര്‍ന്നിരുന്നു.
തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് കൃപേഷിന്റെ മരണത്തിന് കാരണമായിരിക്കുന്നതെന്ന് പോലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അക്രമികളുടെ വെട്ടേറ്റ കൃപേഷ് 15 മിനിറ്റോളം ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പിറകെ ഓടിയെത്തിയ ഗുണ്ടകള്‍ പിറകില്‍ നിന്ന് വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ് തലച്ചോറ് പിളര്‍ന്നു, 11 സെന്റിമീറ്റര്‍ നീളത്തിലും 2 സെന്റിമീറ്റര്‍ ആഴത്തിലുമുള്ള മുറിവാണ് മരണകാരണമായത്. പോലീസ് എത്തുന്നതിന് മുന്‍പ് തന്നെ കൃപേഷ് മരണപ്പെടുകയും ചെയ്തു. പരിശീലനം സിദ്ധിച്ച വാടകക്കൊലയാളികളാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് നല്‍കുന്ന സൂചന.
സിപിഎമ്മിന്റെ പ്രദേശിക നേതൃത്വത്തിന് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും എഫ്.ഐ.ആറും നല്‍കുന്ന സൂചന. കൃപേഷിനെയും ജോഷിയെയും സിപിഎം പ്രദേശിക നേതൃത്വത്തിലുള്ള ചിലര്‍ ഭീഷണിപ്പെടുത്തിയതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ഇരുവരോടും സിപിഎമ്മിലെ പ്രാദേശിക നേതൃത്വത്തിലെ ചിലര്‍ക്ക് വൈരാഗ്യമുണ്ടായിരുന്നു. നേരത്തെ സിപിഎം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു.