മേയറുടെ അവകാശവാദം നിഷേധിച്ച് ഐഎന്‍ടിയുസി തൊഴിലാളികള്‍; സ്വീകരണം നല്‍കിയില്ല; വോട്ടഭ്യര്‍ത്ഥിച്ച് വന്ന എതിര്‍സ്ഥാനാര്‍ത്ഥിയോട് മാന്യമായി ഇടപെട്ടുവെന്ന് മാത്രം

Jaihind News Bureau
Monday, October 7, 2019

ഐഎന്‍ടിയുസി തൊഴിലാളികള്‍ സ്വീകരണം നല്‍കിയെന്ന മേയറുടെ അവകാശവാദം നിഷേധിച്ച് ഐഎന്‍ടിയുസി.  സ്വീകരണം നല്‍കിയിട്ടില്ലെന്നും മറിച്ച് വോട്ടഭ്യര്‍ത്ഥിച്ച് വന്ന എതിര്‍സ്ഥാനാര്‍ത്ഥിയോട് മാന്യമായി ഇടപെടുക മാത്രമാണ് ചെയ്തതെന്നും അവര്‍ വ്യക്തമാക്കി.

ഐഎന്‍ടിയുസി തൊഴിലാളികള്‍ക്ക് മുന്നില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയ ശേഷം അതിന്‍റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍  തൊഴിലാളികള്‍ നല്‍കിയ സ്വീകരണമെന്ന കുറിപ്പോടുകൂടി  നല്‍കിയ വട്ടിയൂര്‍ക്കാവ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും തിരുവനന്തപുരം മേയറുമായ വി.കെ. പ്രശാന്തിന്‍റെ നടപടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് തൊഴിലാളികളുടെ ഭാഗത്ത് നിന്നും ഉയരുന്നത്.  എന്നും അടിയുറച്ച കോൺഗ്രസ് പ്രവർത്തകരാണെന്നും അത് ആവർത്തിച്ച് വ്യക്തമാക്കുകയാണെന്നും തൊഴിലാളികള്‍ വ്യക്തമാക്കി.

ഇടത് സഹയാത്രികരെ പോലെ രാഷ്ട്രീയമായി അസഹിഷ്ണുത പുലര്‍ത്തുന്നവരല്ലാത്തതിനാലാണ് വോട്ട് അഭ്യര്‍ത്ഥിച്ച് വന്ന എതിര്‍ സ്ഥാനാര്‍ത്ഥിയോടും മാന്യമായി ഇടപെട്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. വോട്ട് അഭ്യർത്ഥിച്ച് വരുന്ന എതിർ സ്ഥാനാർത്ഥിയെ അക്രമിച്ചോടിക്കുന്ന കമ്മ്യൂണിസ്റ്റ് പാരമ്പര്യം അല്ല ഐഎന്‍ടിയുസി തൊഴിലാളികളുടേത്.  ജനാധിപത്യ മൂല്യങ്ങളുടെ പേരിൽ പൊതുനിരത്തിൽ മാന്യമായി ഇടപെട്ടതിനെ… ഒരു സ്ഥാനാർത്ഥി എന്ന പരിഗണന നൽകിയതിനെ… മേയര്‍ ദുരുപയോഗം ചെയ്യുകയും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയാണെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി.

ഇടപ്പഴിഞ്ഞിയില്‍ മൂന്ന് ട്രേഡ് യൂണിയനുകളാണ് ഉള്ളത്. ഒരു കെട്ടിടത്തിലാണ് മൂന്ന് യൂണിയനുകളിലെയും പ്രവര്‍ത്തകര്‍ വിശ്രമിക്കുന്നത്. ആ സ്ഥലത്തേയ്ക്ക് വന്ന തിരുവനന്തപുരം നഗരസഭ മേയറെ സമാന്യമര്യാദയുടെ പേരില്‍ സ്വീകരിക്കുകയാണ് ചെയ്തതെന്നും അല്ലാതെ വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കുകയോ പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ലെന്നും എന്നും അടിയുറച്ച കോൺഗ്രസ് പ്രവർത്തകരായിരിക്കുമെന്നും പിന്തുണയും വോട്ടും കോണ്‍ഗ്രസിന് തന്നെയാണെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവര്‍ മേയറുടെ ഈ നടപടിയ്ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്‍.എസ്.യു നേതാവ് ജെ എസ് അഖിലും വട്ടിയൂർക്കാവിലെ ഇടതുപക്ഷ സാരഥിക്കുള്ള തുറന്ന കത്തുമായി രംഗത്തെത്തി. മേയറുടെ പ്രവര്‍ രാഷ്ട്രീയ അല്‍പ്പത്തരമായെന്ന് അഖില്‍ തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.