കത്ത് വിവാദം: മേയർക്ക് ഓംബുഡ്സ്മാന്‍ നോട്ടീസ്; നടപടി യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍

Jaihind Webdesk
Tuesday, November 15, 2022

 

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ ഇടപെട്ട് ഓംബുഡ്‌സ്മാൻ. മേയർ ആര്യാ രാജേന്ദ്രന് നോട്ടീസ് അയച്ചു. യൂത്ത് കോൺഗ്രസ് പരാതിയിലാണ് ഓംബുഡ്സ്മാന്‍റെ നടപടി. നഗരസഭയിലെ താത്ക്കാലിക ഒഴിവിലേക്ക് പാർട്ടിക്കാരെ തിരുകിക്കയറ്റാന്‍ ലിസ്റ്റ് നല്‍കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെട്ട മേയർ ആര്യാ രാജേന്ദ്രന്‍റെ നടപടിക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പരാതി. ജില്ലാ പ്രസിഡന്‍റ് സുധീർഷാ പാലോടാണ് പരാതി നല്‍കിയത്.

ആര്യാ രാജേന്ദ്രന്‍ മേയറായി ചുമതലയേറ്റതുമുതല്‍ നഗരസഭയില്‍ നടന്ന നിയമനങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെടുന്നു. കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. നഗരസഭയിലെ ആരോഗ്യ വിഭാഗത്തിൽ 295 ഒഴിവുകളുണ്ടെന്നും സഖാക്കളുടെ മുന്‍ഗണനാ ലിസ്റ്റ് നല്‍കണമെന്നുമാണ് മേയറുടെ കത്തിലുള്ളത്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് ഔദ്യോഗിക ലെറ്റര്‍പാഡില്‍ മേയർ അയച്ച കത്ത് പുറത്തായതോടെയാണ് പ്രതിഷേധം ശക്തമായത്.

പബ്ലിക് ഹെല്‍ത്ത് എക്സ്പേര്‍ട്ട്, ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍, സ്വീപ്പര്‍, ഒപ്ടോമെട്രിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം. ഇടതുഭരണത്തില്‍ സംസ്ഥാനത്ത് എല്ലാ തസ്തികകളിലും പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. മേയറുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്.