പല വമ്പൻമാരുടെയും താരപ്രഭയിൽ മുങ്ങിപ്പോയ പ്രതിഭയാണ് കുമാർ സംഗക്കാര. ശ്രീലങ്കൻ നിരയിലെ ബാറ്റിങ് ഇതിഹാസം തന്നെയാണ് സംഗക്കാര. അദ്ദേഹത്തിന്‍റെ നേട്ടങ്ങളാണ് അതിന് സാക്ഷി. സങ്കക്കാരയുടെ കരിയറിലൂടെ ഒരു യാത്ര.
ശ്രീലങ്കൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെ കുറിച്ചോർക്കുമ്പോൾ ഒരു സാധാരണ ക്രിക്കറ്റ് ആസ്വാദകന്‍റെ മനസിലേക്കെത്തുന്ന ചില പേരുകളാണ് അർജുന രണതുംഗ, അരവിന്ദ ഡിസിൽവ, മുത്തയ്യ മുരളീധരൻ, ചാമിന്ദ വാസ്, സനത് ജയസൂര്യ തുടങ്ങിയവർ. ക്രിക്കറ്റിലെ വലിയ പേരുകൾക്കിടയിലേക്ക് ശ്രീലങ്കയുടെ നാമവും എഴുതുപിടിപ്പിച്ചത് ഈ താരങ്ങൾ തന്നെയാണ്. അർജുന രണതുംഗയുടെ നേതൃത്വത്തിൽ ലങ്ക 1996 ൽ ലോക കിരീടം ചൂടുമ്പോൾ മാറ്റിമറിക്കപ്പെട്ടത് അന്നത്തെ ക്രിക്കറ്റ് കീഴ്വഴക്കങ്ങളെയായിരുന്നു. എന്നാൽ ഇവർ കൊണ്ടുവന്ന മാറ്റങ്ങളുടെയും നേട്ടങ്ങളുടെയും ഇടയിൽ തിളക്കമില്ലാതെ പോയി സംഗക്കാരയുടെ നേട്ടങ്ങൾക്ക്. ലോക ക്രിക്കറ്റിൽ ഒട്ടും പാടിപുകഴ്ത്തപെടാത്ത താരം.
പതിഞ്ഞ താളത്തിൽ തുടങ്ങി, രുദ്ര താളത്തിന്‍റെ ഊർജജ പ്രവാഹം തീർക്കുന്ന പഞ്ചാരി മേളം പോലെ മനോഹരവും സർഗാത്മകവുമാണ് കുമാർ സംഗക്കാരയുടെ പല ഇന്നിങ്‌സുകളും.
2000 ൽ, ദക്ഷിണാഫ്രിക്കക്കെതിരെ തന്‍റെ 22-മത്തെ വയസ്സിലാണ് കുമാർ ചോക്ഷാനന്ദ സംഗക്കാര അന്താരഷ്ട ക്രികറ്റിന്‍റെ ക്രീസിൽ കാലുകുത്തിയത്. പിന്നീട് നാം കാണുന്നത് ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി സങ്കക്കാര വളരുന്നതാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 8000, 9000, 11000, 12000 റൺസുകൾ ഏറ്റവും വേഗത്തിൽ തികച്ച താരം സങ്കക്കാരയാണ്. 11 ഡബിൾ സെഞ്ച്വറികളുമായി സാക്ഷാൽ ബ്രാഡ്മാന്‍റെ തൊട്ടുപിന്നിലാണ് ഈ ശ്രീലങ്കൻ ഇതിഹാസത്തിന്‍റെ സ്ഥാനം.കൂടാതെ, 38 സെഞ്ച്വറികളും, 58.66 ശരാശരിയിൽ 12000 ൽ പരം റൺസും സ്വന്തം പേരിൽ കുറിച്ചു.
ഏകദിനത്തിൽ ഏറ്റവും കൂടുതൽ പേരെ പുറത്താക്കിയതിന്‍റെ റെക്കോർഡും ഇദ്ദേഹത്തിന്‍റെ പേരിലായിരുന്നു. 2011 ലോക കപ്പ് ഫൈനലിൽ ഇന്ത്യ കിരീട നേട്ടം ആഘോഷിക്കുമ്പോൾ, വിക്കറ്റിനു പിന്നിൽ നിരാശ മറച്ചു പിടിച്ചു പുഞ്ചിരിക്കുന്ന, സംഗ ആർക്കു മറക്കാൻ കഴിയും.
2007 ലെയും 2011 ലെയും ലോക കപ്പ് ഫൈനലുകൾ, 2009 ലെയും 2012 ലെയും ടി-20 ലോക കപ്പ് ഫൈനൽസ്, ഇവിടങ്ങളിലെല്ലാം താൻ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സ്വന്തം ടീം തോല്ക്കുന്നത് കാണാനായിരുന്നു സംഗക്കാരയുടെ വിധി.
തന്‍റെ കരിയറിലുടനീളം സ്വന്തം ടീമിലെയും, മറ്റു ടീമുകളിലെയും സമകാലീന താരങ്ങളുടെ നിഴലിലായിരുന്നു സംഗക്കാര എന്ന ശ്രീലങ്കൻ ബാറ്റിങ്ങ് ഇതിഹാസത്തിന്‍റെ ക്രിക്കറ്റ് ശോഭ…