തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഒരിക്കൽ കൈപൊള്ളിയിട്ടും പാഠം പഠിക്കാത്ത സര്‍ക്കാരിന് മുന്നറിയിപ്പുമായി സിപിഐ മുഖപത്രം. ശബരിമലയിൽ സ്പോട് ബുക്കിങ് നിർത്തിയ തീരുമാനത്തിനെതിരെയാണ് വിമർശനം. ശബരിമല ദർശനത്തിനു വെർച്വൽ ക്യൂ ബുക്കിങിനു പുറമേ സ്പോട് ബുക്കിങ് കൂടി വേണമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ നിലപാട്. എന്നാല്‍ സ്പോര്‍ട് ബുക്കിങ് വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്. സര്‍ക്കാരിന്‍റെ ഈ തീരുമാനത്തിനെതിരെയാണ് സിപിഐ മുഖപത്രം രംഗത്തു വന്നിരിക്കുന്നത്.
‘‘ സെൻസിറ്റീവായ വിഷയത്തിലെ കടുംപിടുത്തം നമ്മെ ആപത്തിൽ ചാടിക്കും. പുതിയ പരിഷ്ക്കാരത്തിനെതിരെ ഹിന്ദു സംഘടനകളും പന്തളം കൊട്ടാരവും അയ്യപ്പസേവാ സംഘവും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ഇതിനിടെയാണ് ദേവസ്വം മന്ത്രി വാസവൻ പറയുന്നത് ഒരു കാരണവശാലും സ്പോട് ബുക്കിങ് അനുവദിക്കില്ലെന്ന്. ഒരിക്കൽ ഇടതുമുന്നണിക്ക് ശബരിമല വിഷയത്തിൽ കൈപൊള്ളിയതാണെന്ന് വാസവൻ മന്ത്രി ഓർക്കണം’’–പാർട്ടി മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു. സര്‍ക്കാര്‍ തീരുമാനം പിൻവലിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ആശ്യപ്പെട്ടു.