വയനാട്ടില്‍ വളർത്തുനായയെ പുലി പിടികൂടി; പ്രദേശവാസികൾ ഭീതിയില്‍, ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ

 

വയനാട്: അമ്പലവയൽ ആറാട്ടുപാറയിൽ പുലി വളർത്തുനായയെ പിടികൂടി. ആറാട്ടുപാറ പി.കെ. കേളുവിന്‍റെ വളർത്തു നായയെയാണ് പുലി പിടി കൂടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നു പുലർച്ചെ 1 മണിക്കാണ് സംഭവം.  അടുക്കള ഭാഗത്ത് നിന്ന് രാവിലെ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ പുലി ഓടുന്നതായി കണ്ടിരുന്നു. പിന്നീട് വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് വീടിനു പുറകിൽ ചങ്ങലയിൽ കെട്ടിയ നായയെ പുലി കടിച്ചെടുത്ത് പോകുന്നത് കണ്ടത്.

വീട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സിസിടിവി ക്യാമറ ദൃശ്യങ്ങളും, പുലിയുടെ കാൽപാടുകളും പരിശോധിച്ചു. പുലിയെ തുരത്താനുള്ള നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത്  ഇടയ്ക്കിടെയുള്ള വന്യമൃഗ ശല്യത്താൽ ഭീതിയിലാണ് പ്രദേശവാസികൾ. പുലിയെ എത്രയും വേഗം കൂട് വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Comments (0)
Add Comment