ബിജെപിയെ പ്രതിക്കൂട്ടിലാക്കി ലഡാക്ക് പ്രസ് ക്ലബ്ബ്; പണംകൊടുത്ത് മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി

Jaihind Webdesk
Monday, May 6, 2019

ബിജെപിയെ പ്രതിക്കൂട്ടിലാക്കി ലഡാക്ക് പ്രസ് ക്ലബ്ബ്.  പണംകൊടുത്ത് മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പാർട്ടിക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് പ്രസ് ക്ലബ് അധികൃതർ.

അഞ്ചാം ഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി ലഡാക്കില്‍ വോട്ടെടുപ്പിന് തൊട്ടുമുമ്പാണ്  ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണവുമായി പ്രസ് ക്ലബ് അധികൃതർ രംഗത്ത് എത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ പ്രചാരണം മികച്ച രീതിയില്‍ ചിത്രീകരിക്കാനായാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചതെന്ന് പ്രസ് ക്ലബ്ബ് ആരോപിക്കുന്നു. വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ആരോപണത്തിന് അടിസ്ഥാനമായ സംഭവം ഉണ്ടായത്.  ഹോട്ടല്‍ സിങ്കെ പാലസില്‍ നടത്തിയ ബിജെപിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണം വാഗ്ദാനം ചെയ്തുവെന്നാണ് പരാതി.  പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌നയും മറ്റ് നേതാക്കളെയുമാണ് പണം വാഗ്ദാനം ചെയ്ത കേസില്‍ ലഡാക് പ്രസ് ക്‌ളബ് പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.

പണം വാഗ്ദാനം ചെയ്ത നടപടി മാധ്യമപ്രവര്‍ത്തകര്‍ക്ക് മനോവേദനയുണ്ടാക്കിയെന്നും ആരും ബിജെപി നീട്ടിയ പണം കൈപ്പറ്റാന്‍ തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു.  ബിജെപി നടത്തിയത് പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണെന്നും നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം ആരോപണം ബിജെപി നേതാക്കള്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും  പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയെന്നും ആവശ്യമെങ്കില്‍ പോലീസിന് പരാതി നല്‍കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.