നിയമസഭാ സമ്മേളനം ഉപേക്ഷിച്ചത് സർക്കാരിന്‍റെ ഭരണപരാജയം ചർച്ച ചെയ്യാതിരിക്കാൻ: മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Friday, March 13, 2020

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ  ഭരണപരാജയം ചർച്ച ചെയ്യാതിരിക്കാനാണ് നിയമസഭാ സമ്മേളനം ഉപേക്ഷിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇപ്പോള്‍ നടക്കുന്ന സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തിലാണ് വകുപ്പ് തിരിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. സഭയില്‍ വിശദമായി ചര്‍ച്ച നടക്കുമ്പോള്‍ സര്‍ക്കാരിന്‍റെ അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയുമെല്ലാം പ്രതിപക്ഷം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടും.

സര്‍ക്കാരിന്‍റെ പ്രതിച്ഛായ തീര്‍ത്തും നഷ്ടപ്പെടുമെന്ന് പേടിച്ചാണ് സഭാസമ്മേളനം ഉപേക്ഷിച്ചത്. സുപ്രധാനമായ ബജറ്റ് സമ്മേളനമാണ് ഇപ്പോള്‍ വേണ്ടെന്നു വച്ചത്. സഭ വെട്ടിച്ചുരുക്കിയ ശേഷം വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി പിന്നീട് സഭ ചേര്‍ന്ന് പൂര്‍ണ്ണബജറ്റ് പാസാക്കുന്നതിനെക്കുറിച്ച് സര്‍ക്കാരിന് ആലോചിക്കാമായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.