സ്പീക്കറുടെ പി.എയെ ചോദ്യം ചെയ്യാൻ മുൻകൂർ അനുമതി വേണമെന്ന നിയമസഭാ സെക്രട്ടറിയുടെ കത്ത് വിവാദത്തിൽ; എംഎൽഎമാർക്കുള്ള നിയമ പരിരക്ഷ ദുർവ്യാഖ്യാനം ചെയ്തെന്ന് പ്രതിപക്ഷം

Jaihind News Bureau
Thursday, January 7, 2021

സ്പീക്കറുടെ പിഎയെ ചോദ്യം ചെയ്യാനുള്ള കസ്റ്റംസ് നീക്കം വൈകിപ്പിക്കാൻ ശ്രമിച്ച് നിയമസഭാ സെക്രട്ടറിയേറ്റ്. പിഎയെ ചോദ്യം ചെയ്യണമെങ്കിൽ സ്പീക്കറുടെ അനുമതി വേണമെന്നാവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകി. റൂൾസ് ഓഫ് ബിസിനസ് 165-ആം വകുപ്പ് പ്രകാരമാണ് ഇത്തരമൊരു അനുമതി വേണ്ടതെന്നാണ് കത്ത്.

സ്പീക്കര്‍ക്കു പിന്നാലെ, നിയമസഭാ ചട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി സ്പീക്കറുടെ പഴ്സണല്‍ സ്റ്റ‌ാഫ് അംഗത്തെയും അന്വേഷണത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് നീക്കം. സ്വർണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം സ്പീക്കറുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാർക്കുള്ള ഭരണഘടനാപരമായ പരിരക്ഷ ഇത്തരം സാഹചര്യങ്ങളിൽ അയ്യപ്പന് ഉണ്ടെന്ന ചട്ടം വിശദീകരിച്ചു കൊണ്ട് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകിയിരിക്കുന്നത്.

ഡോളർ കടത്തുകേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് രണ്ട് തവണയാണ് ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ട് കസ്റ്റംസ് കത്ത് നൽകിയത്. നിയമസഭാ സമ്മേളനം ചേരുന്നതിനാൽ ജോലി തിരക്കുണ്ടെന്നാണ് അയ്യപ്പൻ ഇന്ന് കസ്റ്റംസിനെ അറിയിച്ചത്. മറ്റൊരു ദിവസം ഹാജരാകാൻ അനുവദിക്കണമെന്നും കസ്റ്റംസിനോട് ഇയാൾ ആവശ്യപ്പെട്ടു.