രാജ്യസഭാ സീറ്റിനായി എല്‍ഡിഎഫില്‍ കസേരകളി തുടരുന്നു; വിട്ടുവീഴ്ചയ്ക്കില്ലാതെ സിപിഐയും കേരള കോൺഗ്രസും

 

തിരുവനന്തപുരം: ഇടതുമുന്നണിയിലെ രാജ്യസഭാ സീറ്റ് തർക്കം പരിഹരിക്കുന്നതിന് സിപിഎമ്മും സിപിഐയും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞു. രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ചക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. രണ്ട് രാജ്യസഭാ സീറ്റിനായി 5 കക്ഷികൾ പിടിമുറുക്കിയതോടെയാണ് ഇടതുമുന്നണിയിൽ സീറ്റ് തർക്കം കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നത്. രാവിലെ എകെജി സെന്‍ററിൽ എത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെ കണ്ട സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ചക്കില്ലെന്ന് അസന്നിഗ്ധമായി വ്യക്തമാക്കി. എന്നാൽ കേരള കോൺഗ്രസ് എമ്മിനു വേണ്ടി വാദിച്ച സിപിഎം മുന്നണിയുടെ കെട്ടുറപ്പിനായി സഹകരിക്കണമെന്ന നിർദ്ദേശമാണ് മുന്നോട്ടുവച്ചത്. തങ്ങൾക്ക് അർഹതപ്പെട്ട സീറ്റ് ആണെന്നും യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്നും പിന്നീട് മാധ്യമങ്ങളെ കണ്ട ബിനോയി വിശ്വം വ്യക്തമാക്കി.

ജോസ് കെ. മാണിയുമായി സംസാരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി രാജ്യസഭാ സീറ്റിനു പകരമായി മറ്റു ചില സ്ഥാനങ്ങൾ വാഗ്ദാനം ചെയ്തു. സിപിഎമ്മിന്‍റെ അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ എമ്മും രാജ്യസഭാ സീറ്റിനായി ഉറച്ചു നിൽക്കുകയാണ്. ആർജെഡി യും, എൻസിപിയും സീറ്റിനായി അവകാശവാദം ഉന്നയിച്ചെങ്കിലും ഇവരുമായി ഉഭയകക്ഷി ചർച്ച ഉണ്ടാകില്ല എന്ന സൂചനയാണ് ഉയരുന്നത്. ഒത്തുതീർപ്പ് ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമെടുത്ത് വൈകിട്ട് ഇടതുമുന്നണിയോഗത്തിൽ സിപിഎം നിലപാട് വ്യക്തമാക്കും. സിപിഎം തീരുമാനം അടിച്ചേൽപ്പിക്കുവാൻ ശ്രമിച്ചാൽ ഇടതുമുന്നണി യോഗത്തിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ ഉയരും.

Comments (0)
Add Comment