ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ (52) അന്തരിച്ചു

ഓസ്ട്രേലിയൻ ക്രിക്കറ്റ് സ്പിന്‍ ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു. 52 വയസായിരുന്നു. തായ്‌ലൻഡിലെ വസതിയിലായിരുന്നു അന്ത്യം.  ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് സൂചന. അബോധാവസ്ഥയില്‍ കണ്ടെത്തിയ വോണിന്  പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

1969 സെപ്റ്റംബർ 13ന് ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് വോണിന്‍റെ ജനനം. 1992ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. 145 ടെസ്റ്റുകളിൽനിന്ന് 708 വിക്കറ്റുകൾ നേടി. ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ് ഷെയ്ൻ വോൺ. 194 ഏകദിനങ്ങളിൽനിന്ന് 293 വിക്കറ്റുകളും വോണ്‍ സ്വന്തമാക്കി. ടെസ്റ്റില്‍ വോണിന്‍റെ റെക്കോര്‍ഡ് മറികടന്നത് ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരനാണ്. ലോകത്തെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളാണ് ഷെയ്ന്‍ വോണ്‍.

ആദ്യ ഐപിഎല്ലില്‍ കിരീടം നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്നു. 1999-ല്‍ ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമംഗമായ വോണ്‍ അഞ്ചു തവണ ആഷസ് കിരീടവും സ്വന്തമാക്കി. 2007 ജനുവരിയില്‍ ആഷസ് പരമ്പര ജയത്തിന് പിന്നാലെയാണ് ഷെയ്ന്‍ വോണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

Comments (0)
Add Comment