‘പറക്കും സിഖ്’ ഇനിയില്ല… ഇന്ത്യയുടെ ഇതിഹാസ കായികതാരം മില്‍ഖാ സിംഗ് അന്തരിച്ചു

Jaihind Webdesk
Saturday, June 19, 2021

ചണ്ഡീഗഢ്: ഇന്ത്യയുടെ ഇതിഹാസ കായികതാരം മിൽഖാ സിംഗ് (91) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.  കൊവിഡ് അതിജീവിച്ചിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു.  ശരീരത്തില്‍ ഓക്സിജന്‍റെ അളവില്‍ കുറവ് വന്നതോടെ വീണ്ടും ചണ്ഡീഗഢ് പിജെഐഎംഇആര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. എന്നാല്‍ ആരോഗ്യനില വഷളാവുകയും വെള്ളിയാഴ്ച രാത്രി 11.30 ഓടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

മെയ് 20നായിരുന്നു മില്‍ഖാ സിംഗ് കൊവിഡിന്‍റെ പിടിയിലായത്. ഏറെ നാള്‍ ആശുപത്രിയിലും വീട്ടിലുമായി കഴിയുകയായിരുന്നു അദ്ദേഹം. ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് നെഗറ്റീവായ അദ്ദേഹത്തെ ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഓക്സിജന്‍റെ അളവ് താഴ്ന്നതിനെ തുടർന്ന് ജൂൺ മൂന്ന് മുതൽ ഐസിയുവിലായിരുന്നു.

മിൽഖാ സിംഗിന്‍റെ വേർപാടിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് തുടങ്ങിയവർ അനുശോചിച്ചു. ഒരു പടുകൂറ്റൻ കായികതാരത്തെയാണ് നമുക്കു നഷ്ടമായത്. അസംഖ്യം ഇന്ത്യക്കാരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം നേടിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. മിൽഖയുടെ വേർപാടിൽ ഏറെ വേദനിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

നിലവിൽ പാകിസ്ഥാന്‍റെ ഭാഗമായ ഫൈസലാബാദിലാണ് ‘പറക്കും സിഖ്’ എന്ന പേരില്‍ അറിയപ്പെട്ട മിൽഖാ സിംഗിന്‍റെ ജനനം. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ പുരുഷ അത്‌ലീറ്റാണ് മിൽഖാ സിംഗ്. 1960 ലെ റോം ഒളിമ്പിക്സിൽ ഫോട്ടോ ഫിനിഷിലാണ് മിൽഖാ സിംഗിന് മൂന്നാം സ്ഥാനം നഷ്ടമായത്.  400 മീറ്റര്‍ ഓട്ടത്തില്‍ അന്നദ്ദേഹം നാലാം സ്ഥാനത്തെത്തി. വെറും 0.1 സെക്കന്‍ഡ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്. 1958ൽ വെയ്‌ൽസിലെ കാർഡിഫ് അതിഥ്യം വഹിച്ച കോമൺവെൽത്ത് ഗെയിംസിലൂടെ (അന്നു ബ്രിട്ടിഷ് എംപയർ ആൻഡ് കോമൺവെൽത്ത് ഗെയിംസ്) മിൽഖാ സിംഗാണ് ഇന്ത്യക്കു രാജ്യാന്തര ട്രാക്കിൽനിന്ന് ആദ്യമായി സ്വർണം സമ്മാനിച്ചത്.

1959 ൽ രാജ്യം പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. 2013 ൽ പ്രസിദ്ധീകരിച്ച ‘ദ് റേസ് ഓഫ് മൈ ലൈഫ്’ മിൽഖാ സിംഗിന്‍റെ ആത്മകഥയാണ്. കഷ്‌ടപ്പാടുകളിൽനിന്നു കഠിനാധ്വാനത്തിലൂടെ ഉയർന്നുവന്ന ഇന്ത്യയുടെ എക്കാലത്തെയും പ്രിയപ്പെട്ട ഓട്ടക്കാരൻ മിൽഖാ സിംഗിന്‍റെ ജീവിതകഥ പറയുന്ന സിനിമയാണ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്‌ത ‘ഭാഗ് മിൽഖാ ഭാഗ്’.  മിൽഖാ സിംഗിന്‍റെ ഭാര്യയും ഇന്ത്യൻ വനിതാ വോളിബോൾ ടീം മുൻ ക്യാപ്റ്റനുമായ നിർമൽ കൗർ (85) കൊവിഡ് ബാധിച്ച് ദിവസങ്ങൾക്കു മുമ്പാണ് അന്തരിച്ചത്. ഗോൾഫ് താരം ജീവ് മിൽഖാ സിംഗ് ഉൾപ്പെടെ നാലു മക്കളാണ്.