വ്യാജ പ്രചാരണങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിക്കുകയായിരുന്നു ഷാഫി.
അറിയാത്തതോ ചെയ്യാത്തതോ ആയ കാര്യങ്ങൾ തന്‍റെ പേരിൽ ആരോപിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വ്യാജ ആരോപണങ്ങളാണ് എൽഡിഎഫ് ഉന്നയിക്കുന്നത്. അത് മാധ്യമങ്ങൾ വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും പ്രചരിപ്പിക്കുന്നു. തന്‍റെ പേജിൽനിന്ന് എതിർ സ്ഥാനാർത്ഥിക്കെതിരെ ഞാൻ പോസ്റ്റിട്ടു എന്നാണ് പറയുന്നത്. തന്‍റെ പേജ് ആർക്കും പരിശോധിക്കാം. ആക്ഷേപകരമായ ഒരു വാക്ക് എങ്കിലും ഇവർ കണ്ടെത്തി തരട്ടെയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
നാദാപുരത്ത് പടക്കം പൊട്ടിയത് താൻ പറഞ്ഞിട്ട് ഉണ്ടാക്കിയ ബോംബാണ് എന്ന് ഇവർ പ്രചരിപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയാണ് ഇവരുടെ വ്യാജ പ്രചാരണത്തിന്‍റെ ഉത്തരവാദി എന്ന് താൻ പറഞ്ഞിട്ടില്ല. പാനൂരിൽ ബോംബ് പൊട്ടി അവരുടെ പ്രവർത്തകൻ ചിന്നിച്ചിതറി. അവരുടെ സ്ഥാനാർത്ഥിയാണ് ബോംബുണ്ടാക്കാൻ പറഞ്ഞത് എന്ന് താൻ പറഞ്ഞിട്ടില്ല. ധ്യാൻ ശ്രീനിവാസന്‍റെ കൂടെ താൻ നിൽക്കുന്ന ചിത്രം മാറ്റി വേറൊരാളുടെ ചിത്രം വെച്ചു. ആരെയെങ്കിലും ആക്ഷേപിച്ചുകൊണ്ട് വളർന്നുവന്ന ആളല്ല താൻ. ആർക്കെതിരേയും ഇല്ലാക്കഥകൾ പ്രചരിപ്പിച്ചിട്ടില്ല. 22 വർഷത്തെ രാഷ്ട്രീയ പ്രവർത്തനത്തിൽ മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ഇല്ലാക്കഥ പറഞ്ഞ് വിജയിക്കണമെന്ന് ആഗ്രഹമില്ല. ഉള്ളതുതന്നെ ഒരുപാട് പറയാനുണ്ട്. ഉമ്മൻ ചാണ്ടിയുടെ കൈപിടിച്ചാണ് രാഷ്ട്രീയം പഠിച്ചത്. ഒരുതരത്തിലുള്ള വ്യാജ പ്രചരണങ്ങളിലും വടകര മണ്ഡലത്തിലെ ജനങ്ങൾ വീഴില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.