ശിവശങ്കറിന്‍റെ അറസ്റ്റിനുള്ള സാധ്യത നിലനിൽക്കേ ഇടതു മുന്നണിയിൽ ആശങ്ക ഉയരുന്നു

Jaihind News Bureau
Sunday, October 18, 2020

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എൻ.ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത നിലനിൽക്കേ ഇടതു മുന്നണിയിൽ ആശങ്ക ഉയരുന്നു. കഴിഞ്ഞ ദിവസം നടന്ന കാനം – കോടിയേരി കൂടിക്കാഴ്ച്ചയിലും ഈ വിഷയം ചർച്ചയായെന്ന് സൂചനയുണ്ട്.

സ്വർണ്ണക്കടക്ക് മുഖ്യ പ്രതി സ്വപ്ന സുരേഷിന് ലഭിച്ച ഒരു ലക്ഷത്തി തൊണ്ണൂറായിരം ഡോളർ അമേരിക്കയിലേക്ക് കടത്തിയ കേസിൽ കുരുക്കിലായ ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടരുന്നതിനിടെ ഇടതു മുന്നണിയിൽ ആശങ്ക പടരുന്നു.

ശിവശങ്കർ നൽകിയ മൊഴിയിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമോ എന്ന ആശങ്കയാണ് മുന്നണിയിലും സി.പി.എം നേതൃത്വത്തിലും ആശങ്ക പടർത്തുന്നത്.

അറസ്റ്റ് ഒഴിവാക്കാൻ ശിവശങ്കർ കിണഞ്ഞു പരിശ്രമിക്കുന്നത് മുഖ്യമന്ത്രിയിലേക്ക് കേസന്വേഷണം എത്താതിരിക്കാനാണെന്ന വാദവും പല കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം ചർച്ച ചെയ്യാൻ എ കെ ജി സെൻ്ററിൽ എത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ശിവശങ്കറുമായി ബന്ധപ്പെട്ട വിഷയങ്ങൾ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നടന്ന കൂടിക്കാഴ്ച്ചയിൽ ഉന്നയിച്ചെന്നും സൂചനയുണ്ട്.

സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ കേസുകൾ സർക്കാരിൻ്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചെന്ന് സി.പി.എമ്മിലെ ചില നേതാക്കളും അടക്കം പറയുന്നു.