നിഷ പുരുഷോത്തമനെതിരായ ഇടത് സൈബറാക്രമണം : പൊലീസ് നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

Jaihind News Bureau
Friday, August 21, 2020

 

മാധ്യമപ്രവര്‍ത്തകർക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഇടപെട്ട് ദേശീയ വനിതാ കമ്മീഷന്‍. മാധ്യമപ്രവര്‍ത്തക നിഷാ പുരുഷോത്തമന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഡി.ജി.പി ലോക്നാഥ് ബെഹറയ്ക്ക് അയച്ച കത്തിലാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

നിഷാ പുരുഷോത്തമന്‍റെ പരാതിയില്‍ തുടര്‍ നടപടികളുണ്ടായില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ വനിതാ കമ്മീഷന്‍റെ ഇടപെടല്‍. നിഷയുടെ ആരോപണങ്ങള്‍ തങ്ങളെ ആശങ്കപ്പെടുത്തുന്നുവെന്നും ഈ വിഷയത്തില്‍ ശ്രദ്ധ പതിയണമെന്നും ഡി.ജി.പിക്ക് അയച്ച കത്തില്‍ പറയുന്നു. അഞ്ച് ദിവസത്തിനകം നടപടിയെടുത്ത് വിവരമറിയിക്കാനാണ് ഡി.ജി.പി ലോക്നാഥ് ബെഹറയ്ക്ക് നിർദേശം നല്‍കിയിരിക്കുന്നത്.

വാർത്താസമ്മേളനങ്ങളില്‍ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിക്ക് അപ്രിയമായ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പിന്നാലെയായിരുന്നു ഇടത് സൈബർ പോരാളികള്‍ ആക്രമണം അഴിച്ചുവിട്ടത്. വനിതാമാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലും വളരെ മോശമായ രീതിയിലായിരുന്നു സൈബറിടങ്ങളില്‍ ആക്രമണം അഴിച്ചുവിട്ടത്. അതേസമയം ഇത്തരം പ്രവണതകളെ വിമർശിക്കാന്‍ തയാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാടാണ് സൈബറാക്രമണത്തിന് കൂടുതല്‍ പ്രേരണ നല്‍കുന്നതെന്ന വിമർശനം ശക്തമാണ്.