നളിനി നെറ്റോയുടെ രാജിയ്ക്ക് പിന്നില്‍ അധികാരത്തർക്കവും അഴിമതിയും പാർട്ടിയുടെ സമ്മർദ്ദവും

Jaihind Webdesk
Wednesday, March 13, 2019

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലെ അധികാരത്തർക്കവും അഴിമതിയും പാർട്ടിയുടെ സമ്മർദ്ദവുമാണ് ചീഫ് പ്രിൻസിപ്പൾ സെക്രട്ടറി നളിനി നെറ്റോയുടെ രാജിയിൽ കലാശിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പുത്തലത്ത് ദിനേശനും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായുള്ള തർക്കമാണ് നളിനി നെറ്റോയുടെ രാജിയുടെ അടിസ്ഥാന കാരണം.

മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ ഫയലുകൾ നളിനി നെറ്റോ കണ്ടശേഷം വിട്ടാൽ മതി എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന നിർദേശം. ആദ്യകാലത്ത് ഇത് കർശനമായി നടപ്പിലാക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത കാലത്തായി സുപ്രധാന ഫയലുകൾ ഒന്നും തന്നെ നളിനി നെറ്റോയുടെ മുൻപിൽ എത്താറില്ലായിരുന്നു.

തോട്ടം ഉടമകളുടെ കരം സ്വീകരിക്കുന്നതും, ക്വാറികൾക്ക് കൂട്ടത്തോടെ അനുമതി കൊടുത്തതും, ചില വിവാദ ഫയലുകൾ മന്ത്രി സഭയുടെ പരിഗണനയ്ക്ക് എത്തിയതും നളിനി നെറ്റോ അറിയാതെ ആയിരുന്നു. ഇതിൽ ഉന്നതരുടെ സ്വാധീനം ഉണ്ടായിരുന്നുവെന്നാണ് സൂചനകൾ. വടകര ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് വഴിവിട്ട കരാറുകൾ നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ 2 ഉന്നതർ നേരിട്ട് ഇടപെട്ടായിരുന്നു. ഈ ആരോപണവും സജീവമാണ്.

ഇപ്പോൾ നിർണായകമായ ഫയലുകൾ കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയുടെ പേർസണൽ സ്റ്റാഫിലെ ഈ 2 അംഗങ്ങളാണ്. ഇവർക്കെതിരെ അഴിമതി ആരോപണം വേണ്ടിവരുമെന്ന് നളിനി നെറ്റോ തന്നെ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടകുമെന്നാണ് സൂചന