ഓക്‌സിജന്‍ ടാങ്ക് നിറക്കുന്നതിനിടെ ചോർച്ച ; 22 കൊവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു

Jaihind Webdesk
Wednesday, April 21, 2021

മുംബൈ : ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ 22 രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു. നാസിക്കിലെ ഡോ. സാക്കിര്‍ ഹുസൈന്‍ ആശുപത്രിയിലാണ് ദാരുണ സംഭവമുണ്ടായത്. ആശുപത്രിക്ക് പുറത്തെ ഓക്‌സിജന്‍ ടാങ്ക് നിറക്കുന്നതിനിടെയാണ് ചോര്‍ച്ചയുണ്ടായത്. ബുധനാഴ്ച ഉച്ചയോടെയാണ്  അപകടമുണ്ടായത്.

കൊവിഡ് ബാധിതരായി വെന്‍റിലേറ്ററില്‍ ചികിത്സയിലുണ്ടായിരുന്ന 22 രോഗികളാണ് മരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ടാങ്കിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതാണ് രോഗികള്‍ മരിക്കാന്‍ കാരണമെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു.

ഓക്സിജന്‍ വിതരണം തടസപ്പെട്ടതോടെ  ചികിത്സയിലുണ്ടായിരുന്ന 80 രോഗികളില്‍ 31 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അപകടം നടന്നതിന് പിന്നാലെ തന്നെ അഗ്നിസുരക്ഷാ സേന സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.