നേതാക്കള്‍ ലാളിത്യം മുഖമുദ്രയാക്കണം : കെ സുധാകരന്‍ എംപി

Jaihind Webdesk
Wednesday, November 24, 2021

നേതൃനിരയിലുള്ളവര്‍ ലാളിത്യം മുഖമുദ്രയാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. നേട്ടവും കോട്ടവും സ്വയം തിരിച്ചറിഞ്ഞ് അവശ്യമായ തിരുത്തലുകള്‍ വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ഭാരവാഹികള്‍ക്കും നിര്‍വാഹക സമിതി അംഗങ്ങള്‍ക്കുമായി നെയ്യാര്‍ഡാം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്‍റ് സ്റ്റഡീസില്‍ കെപിസിസി സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ സംഭവിക്കുന്ന മാറ്റം ഉള്‍ക്കൊള്ളാനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനും കഴിയണം. സംഘടനാ രംഗത്ത് പുതിയ ശൈലിയും പുത്തന്‍ ഉണര്‍വും കൊണ്ടുവരാന്‍ പഠന ക്യാമ്പുകള്‍ സഹായകരമാകും. കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റികളെ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നത്. താഴെത്തട്ടില്‍ പാര്‍ട്ടി സംവിധാനം നിര്‍ജ്ജീവമാണ്.അതിനെ ചലനാത്മകമാക്കാനും ശക്തിപ്പെടുത്താനും കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റികളിലൂടെ സാധിക്കും. വിഭാഗീയതയും വ്യക്തിവൈര്യവും പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. നാം ഐക്യത്തോടെ നീങ്ങിയാല്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

പാവപ്പെട്ടവര്‍ക്ക് ഏറെ സഹായകരമായിരുന്ന ഭക്ഷ്യകിറ്റ് വിതരണം നിര്‍ത്തലാക്കിയതോടെ ജനങ്ങള്‍ വലിയ ദുരിതത്തിലാണ്. പ്രളയക്കെടുതിയിലും രൂക്ഷമായ വില വര്‍ധനവിലും ജനങ്ങള്‍ നട്ടംതിരിയുന്നു. ഇന്ധനവില കുറയ്ക്കാത്ത അപൂര്‍വം സംസ്ഥാനം കേരളം മാത്രമാണ്.

കാട്ടാളഭരണത്തിനെതിരേ പോരാടാന്‍ ഏറ്റവും അനുയോജ്യമായ രാഷ്ട്രീയകാലാവസ്ഥ നിലവിലുണ്ട്. ഇന്ധനവില വര്‍ധനവിനെതിരേ നടത്തിയ പ്രക്ഷോഭവും മുല്ലപ്പെരിയാര്‍ സമരവുമൊക്കെ നല്ല ചലനമുണ്ടാക്കി. തുടര്‍ സമരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു സുധാകരന്‍ പറഞ്ഞു.