എന്നും ഒരു പോരാളിയായിരുന്നു എം.ഐ ഷാനവാസെന്ന് പ്രമുഖ നേതാക്കൾ അനുസ്മരിച്ചു. എറണാകുളം ടൗൺ ഹാളിൽ നടന്ന അനുശോചന യോഗത്തിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി നിരവധി പേർ പങ്കെടുത്തു.
ഓർമകൾ പുഴയായി ഒഴുകിയപ്പോൾ വാക്കുകൾ പലപ്പോഴും ഇടറി. പ്രിയ സഹപ്രവർത്തകന്‍റെ സ്മരണകളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കണ്ണ് നനഞ്ഞു. എത്ര വലിയ തിരിച്ചടികളിലും തിരിച്ചു വരുന്ന കരുത്തുറ്റ പോരാളിയായിരുന്നു എം.ഐ ഷാനവാസെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
പാർലമെൻറിൽ കോൺഗ്രസിന്‍റെ ശബ്ദമായിരുന്ന നേതാവിനെയാണ് നഷ്ടമായതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നിലപാടുകളിൽ ഒരിക്കലും വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തന ശൈലിയായിരുന്നു ഷാനവാസിന്‍റേതെന്നും മുല്ലപ്പള്ളി അനുസ്മരിച്ചു.
മതേതരത്വത്തിന് നേരെ ഉയരുന്ന വെല്ലുവിളികളെ ചെറുത്തുതോൽപ്പിക്കാൻ മുന്നിൽ നിന്ന നേതാവായിരുന്നു എം.ഐ ഷാനവാസെന്ന് നേതാക്കളായ എം.എം ഹസൻ, കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഓർത്തെടുത്തു.
ജീവിതത്തിലും രാഷ്ട്രീയത്തിലും ഒരു യഥാർഥ പോരാളിയായിരുന്നു ഷാനവാസെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ അനുസ്മരിച്ചു.
കെ.വി.തോമസ് എം.പി, യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ടി.എ അഹമ്മദ് കബീർ, സി.എൻ മോഹനൻ, സത്യൻ മൊകേരി , ജോയ് എബ്രഹാം തുടങ്ങിയവരും സംസാരിച്ചു.