എം.പി വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രമുഖ നേതാക്കള്‍

Jaihind News Bureau
Friday, May 29, 2020

 

അന്തരിച്ച രാജ്യസഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ എം.പി വീരേന്ദ്രകുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രമുഖ നേതാക്കള്‍. രാഹുല്‍ ഗാന്ധി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി തുടങ്ങിയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

രാഹുല്‍ ഗാന്ധി

ദുഃഖത്തിന്‍റെ  ഈ നിമിഷത്തിൽ അദ്ദേഹത്തിന്‍റെ  കുടുംബത്തിനും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഒപ്പം താനും പങ്കുചേരുന്നതായി രാഹുൽ ഗാന്ധി ട്വിറ്റർ കുറിച്ചു.

എ.കെ ആന്‍റണി

ഗുരുസ്ഥാനീയനായിരുന്നു എം.പി വീരേന്ദ്രകുമാര്‍ എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി. അദ്ദേഹവുമായി രാഷ്ട്രീയത്തിന് അതീതമായ ബന്ധമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വീരേന്ദ്രകുമാര്‍ എല്ലാ രംഗത്തും ശോഭിച്ച വ്യക്തി: ഉമ്മന്‍ ചാണ്ടി

പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച നേതാവാണ് എംപി വീരേന്ദ്രകുമാര്‍ എംപി എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. പൊതുപ്രവര്‍ത്തകന്‍, ജനപ്രതിനിധി, ഭരണാധികാരി, പത്രാധിപര്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍ തുടങ്ങിയ എല്ലാ രംഗത്തും ശോഭിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കുവേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ അദ്ദേഹത്തിന്റെ സംഭാവനകളെ കേരളം എന്നും സ്മരിക്കും. മാനുഷിക മൂല്യങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനും അദ്ദേഹം നല്‍കിയ പ്രാധാന്യം എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. ആധുനിക ചികിത്സ വയനാട്ടിലും ലഭ്യമാക്കണം എന്ന ഉദ്ദേശ്യത്തോടെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വയനാട്ടിലും തുടങ്ങണമെന്ന ആശയം നടപ്പിലാക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന് പ്രോത്സാഹനം നല്‍കിയത് വീരേന്ദ്രകുമാറാണ്.

മെഡിക്കല്‍ കോളജിന് ആവശ്യമായ മുഴുവന്‍ സ്ഥലവും വീരേന്ദ്രകുമാറിന്റെ കുടുംബം സൗജന്യമായി നല്‍കിയത് എന്നും ഓര്‍ക്കും. യോജിച്ചു പ്രവര്‍ത്തിച്ചപ്പോഴും വ്യത്യസ്ത ചേരിയില്‍ നിന്നു പ്രവര്‍ത്തിച്ചപ്പോഴും എന്നോട് സൗഹൃദം പുലര്‍ത്തിയ അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

കേരളത്തിന്‍റെ രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക- സാഹിത്യ- പത്രപ്രവർത്തന മേഖലകളിലെ പകരം വയ്ക്കാനില്ലാത്ത ബഹുമുഖ പ്രതിഭ: കെ.സി വേണുഗോപാല്‍

എനിക്കു പോകാൻ സമയമായി എന്ന് രണ്ടു ദിവസം മുൻപേ യാത്ര ചോദിച്ചിട്ടാണ് അഛൻ പോയതെന്നു പറഞ്ഞത് മകൻ ശ്രേയംസ് കുമാറാണ്. സാറിന്റെ അപ്രതീക്ഷിത മരണവാർത്തയറിഞ്ഞതിന്റെ ഞെട്ടലിലാണ് ആ കുടുംബത്തിന്റെ ദുഖത്തിൽ പങ്കു ചേരാൻ രാത്രി വൈകി സഹോദര തുല്യനും അടുത്ത ചങ്ങാതിയുമായ ശ്രേയംസിനെ വിളിച്ചത്. എനിക്കു ചെയ്യാനുള്ളതൊക്കെ ഞാൻ ചെയ്തു കഴിഞ്ഞു ഇനി സന്തോഷത്തോടെ എനിക്കു മടങ്ങാം എന്നദ്ദേഹം രണ്ടു ദിവസം മുൻപ് പറഞ്ഞപ്പോൾ അഛനെ ഞാൻ വിലക്കിയെന്ന് ശ്രേയംസ് പറഞ്ഞു. ഒപ്പം സ്ഥിരമായുള്ള മെഡിക്കൽ ചെക്കപ്പുകളും ഉടൻ തന്നെ നടത്തി. ആരോഗ്യം തൃപ്തികരമാണ് എന്ന് റിപ്പോർട്ടും വാങ്ങി അഛന് ധൈര്യം പകർന്ന ആ മകന്റെ ദുഖം ഇപ്പോൾ പറഞ്ഞറിയിക്കാവുന്നതല്ല.

വ്യക്തിപരമായി ഏറെ ദുഖം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് ശ്രേയംസിനും ആ കുടുംബത്തിനുമൊപ്പം ഞാനും കടന്നു പോകുന്നത്. ഏറെ വാത്സല്യത്തോടെ എന്നും ചേർത്തു നിർത്തി, ഒരു കുടുംബാംഗത്തിന്റെ കരുതലും സ്നേഹവും എക്കാലവും നൽകിയ വീരേന്ദ്രകുമാർ സാറിന്റെ മരണവാർത്ത ഉൾക്കൊള്ളാനാകുന്നില്ല .
വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ പുലർത്തിയപ്പോഴും മുന്നണിക്കൊപ്പം ഒരുമിച്ചു നിന്നപ്പോഴും എന്നും ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകിയും വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതൽക്കേ മാതൃഭൂമി എന്ന പ്രസ്ഥാനത്തിലൂടെ അകമഴിഞ്ഞ പിന്തുണ നൽകിയും എനിക്ക് എന്നും മുന്നോട്ടു പോകാൻ ഊർജ്ജം നൽകിയ വീരേന്ദ്രകുമാർ സാറിന്റെ നിര്യാണം സൃഷ്ടിക്കുന്ന ശൂന്യതയുടെ ആഴം പറയാവുന്നതിലുമെത്രയോ ഏറെയാണ്.

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സാഹിത്യ , പത്രപ്രവർത്തന മേഖലകളിലെ പകരം വയ്ക്കാനില്ലാത്ത ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. ദേശീയ തലത്തിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ അവിഭാജ്യഘടകമായിരുന്ന തികഞ്ഞ മതേതര വാദി. വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും പരിപാലനവുമൊക്കെ ഉയർത്തി കേരളത്തിന് പുതിയൊരു രാഷ്ട്രീയ ഗതി നിർണ്ണയിച്ച അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത ചിന്താധാരയും എന്നും അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളും അദ്ദേഹത്തെ വത്യസ്തനാക്കി. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ കഴിഞ്ഞ കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടു കാലത്തോളം അദ്ദേഹം നടത്തിയ ഇടപെടലുകൾ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. എഴുത്തുകാരനെന്ന നിലയിൽ ആ രചനകളിലും പ്രഭാഷകനെന്ന നിലയിൽ പ്രസംഗങ്ങളിലും അദ്ദേഹത്തിലെ മനുഷ്യസ്നേഹിയുടെ മാനവരാശിയെക്കുറിച്ചുള്ള ആകുലതകളാണ് എന്നും നിറഞ്ഞു നിന്നത്.

വനസംരക്ഷണവും കാർഷിക മേഖലയുടെ പുരോഗതിയും പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണവും തുടങ്ങി അദ്ദേഹം മുന്നോട്ടു വച്ച വികസന കാഴ്ചപ്പാടുകൾ എന്നും കാലാതീതമായിരുന്നു. മാതൃഭൂമിയെ കാലത്തിനൊപ്പം കൈപിടിച്ചു നടത്തിയും ആധുനിക വത്ക്കരണവും വൈവിധ്യ വത്കരണവും കൊണ്ട് ഇന്ത്യയിലെ തന്നെ എണ്ണപ്പെട്ട മാധ്യമ സ്ഥാപനമായി വളർത്തിയെടുക്കുന്നതിലും അദ്ദേഹത്തിന്റെ നേതൃത്വവും മാർഗ്ഗദർശിത്വവും നിർണ്ണായകമായിരുന്നു. ഏറെ ദുഖത്തോടെ എന്റെ പ്രണാമം. ആദരാജ്ഞലി.

നഷ്ടമായത് അതുല്യരായ ഇന്ത്യൻ സോഷ്യലിസ്റ്റ് നേതാക്കളുടെ നിരയിലെ അവസാനത്തെ കണ്ണിയെ:   രമേശ് ചെന്നിത്തല

മാതൃഭൂമി മാനേജിംഗ് ഡയറക്ടറും, രാജ്യസഭാ അംഗവും, മുതിർന്ന സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അനുശോചിച്ചു. അതുല്യരായ ഇന്ത്യൻ സോഷ്യലിസ്റ്റ് നേതാക്കളുടെ നിരയിലെ അവസാനത്തെ കണ്ണിയെ ആണ് വീരേന്ദ്രകുമാറിന്റെ മരണത്തിലൂടെ നഷ്ടമായിരിക്കുന്നത്. മാതൃഭൂമി ദിനപത്രത്തെ മലയാളത്തിലെ രണ്ടാമത്തെ വലിയ പത്രമായി വളർത്തി എടുക്കുന്നതിൽ വീരേന്ദ്രകുമാറിനുണ്ടായിരുന്ന പങ്ക് നിസ്സീമമാണ്. വ്യക്തിപരമായി വളരെ അടുത്ത സൗഹൃദം അദ്ദേഹവുമായി പുലർത്താൻ കഴിഞ്ഞിരുന്നു. ഒരുമിച്ചു ലോക്സഭയിലും പ്രവർത്തിക്കാൻ കഴിഞ്ഞ കാര്യവും രമേശ്‌ ചെന്നിത്തല അനുസ്മരിച്ചു.

കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമുജ്ജ്വല നേതാവായിരുന്നു എം.പി വീരേന്ദ്രകുമാര്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍

കഴിഞ്ഞ നാല് ദശാബ്ദകാലം അടുത്ത ആത്മബന്ധം പുലര്‍ത്താനും ഹൃദയം പങ്കുവെക്കാനും കഴിഞ്ഞ നേതാവായിരുന്നു അദ്ദേഹം.രാഷ്ട്രീയക്കാരന്‍ എന്നതിലുപരി എഴുത്തുകാരന്‍, വാഗ്മി, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. വീരേന്ദ്രകുമാറിന്റെ പ്രൗഢമായ ഗ്രന്ഥങ്ങള്‍ മലയാള ഭാഷക്ക് മുതല്‍ കൂട്ടാണ്. ധൈഷണിക രംഗത്തെ വെട്ടിത്തിളങ്ങുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.

പാരിസ്ഥിതിക വിഷയത്തില്‍ അവഗാഹപൂര്‍വ്വം എഴുതുകയും പ്രസംഗിക്കുകയും ചെയ്ത മറ്റൊരു രാഷ്ട്രീയ നേതാവും കേരളത്തിലില്ല. മാതൃഭൂമി പത്രത്തെ ഉയരങ്ങളിലേക്ക് നയിച്ച കരുത്തനായിരുന്നു അദ്ദേഹം. ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ സ്ഥിരമായി ആഭ്യന്തരമന്ത്രാലയത്തില്‍ എത്തി കൂടിക്കാഴ്ച്ച നടത്തിയിരുന്നത് ഓര്‍ക്കുന്നു. സംഭാഷണ പ്രിയനായ അദ്ദേഹവുമായി ചിലവഴിക്കുന്ന ഓരോ നിമിഷവും വിജ്ഞാന പ്രഥമാണ്. പരന്ന വായനയുടെ പിന്‍ബലമുള്ള അദ്ദേഹത്തിന്റെ സംഭാഷണങ്ങള്‍ ആവേശം പകരുന്നതാണെന്ന് പറയാതെ വയ്യ. എം.പി വീരേന്ദ്രകുമാറിന്റെ വിയോഗം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് മാത്രമല്ല പൊതുരംഗത്തിനും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക- സാഹിത്യ- മാധ്യമ മേഖലകളിലും പാർലമെന്‍ററി രംഗത്തും തിളങ്ങിയ അസാധാരണ വ്യക്തിത്വം: വി.എം സുധീരന്‍

മാതൃഭൂമി മാനേജിങ് ഡയറക്ടർ എം പി വീരേന്ദ്രകുമാർ എംപിയുടെ ദേഹവിയോഗത്തിൽ അതിയായി ദുഖിക്കുന്നു.
രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക- സാഹിത്യ- മാധ്യമ മേഖലകളിലും പാർലമെന്ററി രംഗത്തും തിളങ്ങിയ അസാധാരണ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. ഒരേസമയം മികച്ച എഴുത്തുകാരനും പ്രഭാഷകനുമാകാൻ കഴിയുന്ന അനിതരസാധാരണ പ്രതിഭാശാലിയായിരുന്നു അദ്ദേഹം.

സോഷ്യലിസ്റ്റ് ആശയങ്ങളും മതേതരമൂല്യങ്ങളും എന്നും ഉയർത്തിപ്പിടിച്ച അദ്ദേഹം മാനവികതയുടെയും മനുഷ്യാവകാശങ്ങളുടയും ഉജ്ജ്വല വക്താവായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി എന്നും ശക്തമായ നിലപാട് സ്വീകരിച്ച പ്രകൃതിസ്നേഹിയായിരുന്നു അദ്ദേഹം.

നിയമസഭയിലും ലോകസഭയിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനായത് മറക്കാനാവാത്ത അനുഭവമാണ്. മികച്ച വാക്മിയായ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ആശയ സമ്പുഷ്ടവും വിജ്ഞാനപ്രദവുമായിരുന്നു . നിരവധി വേദികൾ അദ്ദേഹത്തോടൊപ്പം പങ്കിടാനായതിന്റെ ഊഷ്മളമായ ഓർമ്മകൾ ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്.

രാഷ്ട്രീയ തലത്തിൽ ഒരേ ചേരിയിൽ പ്രവർത്തിക്കുമ്പോഴും അല്ലാത്തപ്പോഴും അടുത്ത ബന്ധമായിരുന്നു എനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നത്. വീരേന്ദ്രകുമാറിന്റെ വേർപാട് കേരളീയ സമൂഹത്തിന് തീരാനഷ്ടമാണ് വരുത്തിയത്.

പ്രിയപ്പെട്ട വീരേന്ദ്രകുമാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാഹിത്യ മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ പ്രിയ സുഹൃത്ത്: പി.കെ.കുഞ്ഞാലിക്കുട്ടി എം.പി

കേരളത്തിന് തീരാനഷ്ടമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാഹിത്യ മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ പ്രിയ സുഹൃത്ത്. ഏത് മുന്നണിയിൽ നിന്നാലും ജനങ്ങൾക്ക് പ്രിയങ്കരൻ.