തിരുവനന്തപുരം : മലയാളികൾക്ക് അഭിമാനമായി മാറിയ വനിതാ പൈലറ്റ് ജെനിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.
തിരുവനന്തപുരം കൊച്ചുതുറ സ്വദേശിനിയായ ജെനിയുടെ എട്ടാം ക്ലാസ് മുതലുള്ള ആഗ്രഹമായിരുന്നു പൈലറ്റ് ആകുക എന്നത്. എയർ അറേബ്യയുടെ ആൽഫാ ഏവിയേഷൻ അക്കാദമിയിൽ നിന്നാണ് ജെനി പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയത്. ആദ്യമായി ജന്മനാട്ടിലേക്ക് വിമാനം പറപ്പിച്ചുകൊണ്ടാണ് ജെനി തന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകേകിയത്. ഷാർജയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ എയർ അറേബ്യയുടെ G 9 – 499 വിമാനത്തിൽ കോ പൈലറ്റായിരുന്നു ജെനി.
അച്ഛന്‍ ജെറോം ജോറിസാണ് മകളുടെ സ്വപ്നത്തിന് കൂട്ടായത്. മാതാവ് ബിയാട്രിസും സഹോദരൻ ജെബി ജെറോമും ഒപ്പം നിന്നു. വർഷങ്ങൾക്കു മുമ്പ് തീരദേശത്തുനിന്ന് ജോലിതേടി ദുബായിലേക്കു പോയ ആളാണ് ജെറോം. 2 വയസുമുതൽ ജെനിയും കുടുംബവും അജ്മാനിലാണ്. പ്ലസ്ടു പൂർത്തിയായശേഷമാണ് ഈ മേഖലയിലേക്കു തിരിഞ്ഞത്. പരിശീലനം പൂർത്തിയാക്കി 3 മാസം മുമ്പാണ് ലൈസൻസ് ലഭിച്ചത്.