ജാമിയ -അലിഗഡ് സര്‍വകലാശാലകളുടെ പ്രവേശനത്തിന് എന്‍ട്രന്‍സ് കേന്ദ്രങ്ങള്‍ കേരളത്തില്‍ അനുവദിക്കണം : കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

Jaihind News Bureau
Thursday, August 20, 2020

തിരുവനന്തപുരം : അലിഗഡ്-ജാമിയ മിലിയ സര്‍വകലാശാലകളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ക്ക് കേരളത്തില്‍ എന്‍ട്രന്‍സ് പരീക്ഷകേന്ദ്രങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര വിദ്യാഭ്യാസവകുപ്പ് മന്ത്രിക്ക് കത്തയച്ചു. സയന്‍സ്-സാമൂഹിക വിഷയങ്ങളുടെ പരീക്ഷക്ക് കേരളത്തിന് പുറത്തു പോയി പരീക്ഷ എഴുതേണ്ട സാഹചര്യമാനുള്ളത്. ഇത് വിദ്യാര്‍ത്ഥികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കൊവിഡ് ആശങ്ക പരിഗണിച്ച് കേരളത്തില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും കേരളത്തില്‍ പ്രവേശന പരീക്ഷാ സെന്‍ററുകള്‍ അനുവദിക്കണമെന്നാണ് കേന്ദ്രവിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേഷ് പൊക്രിയാലിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര യൂണിവേഴ്‌സിറ്റികളിലെ ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മുന്‍ഗണന കൊടുക്കാറുണ്ട്. കൊവിഡ് മൂലം പല കേന്ദ്ര യൂണിവേഴ്‌സിറ്റികളും കേരളത്തില്‍ പരീക്ഷാ സെന്ററുകള്‍ അനുവദിച്ചിട്ടുണ്ട്. ജാമിയ-അലിഗഡ് സര്‍വകലാശാലകള്‍ ഈ മാതൃക സ്വീകരിക്കണം. പരീക്ഷാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിപക്ഷ നേതാവിന് ഈ മെയില്‍ അയച്ചത്. ഈ ആവശ്യം പരിഗണിച്ചാണ് പ്രതിപക്ഷ നേതാവ് കേന്ദ്രത്തിന് കത്തയച്ചത്.