കരുവന്നൂർ തട്ടിപ്പ്: വേണ്ടത് കൺസോർഷ്യമല്ല, നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാനുള്ള നിയമ നടപടി; ഒരു ബാങ്കിന് മാത്രമായുള്ള കൺസോർഷ്യം അനുചിതം: കത്ത് നൽകി പ്രതിപക്ഷ നേതാവ്

Jaihind Webdesk
Thursday, January 20, 2022

 

തിരുവനന്തപുരം : 350 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടന്ന കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെ രക്ഷിക്കാൻ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് ജില്ലയിലെ സംഘങ്ങളിൽ നിന്നും പണം സമാഹരിക്കണമെന്ന സഹകരണ വകുപ്പ് നിർദ്ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസന് കത്ത് നൽകി. കാറ്റഗറിക്കനുസരിച്ച് 50 ലക്ഷം രൂപ മുതല്‍ ഒന്നര കോടി രൂപ വരെ നല്കണമെന്നാണ് ജില്ലയിലെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍, അസിസ്റ്റന്‍റ് രജിസ്ട്രാര്‍മാര്‍ മുഖേന സഹകരണ ബാങ്കുകളുടേയും സംഘങ്ങളുടേയും പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പുമൂലം പ്രതിസന്ധിയിലായ 17 സഹകരണ സംഘങ്ങള്‍/ബാങ്കുകള്‍ നിലവിലുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ തന്നെ പുത്തുര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെയും 49 കോടി രുപ ഇത്തരത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു സഹകരണ ബാങ്കിന്‍റെ കാര്യത്തില്‍ മാത്രം പ്രത്യേകമായി കണ്‍സോര്‍ഷ്യം രൂപീകരിക്കുതിനുള്ള നീക്കം ദുരുദ്ദേശപരമാണ്.

സര്‍ക്കാരിന്‍റെ വ്യക്തമായ ഉത്തരവോ നിര്‍ദ്ദേശമോ ഇല്ലാതെ സഹകരണ വകുപ്പ് നേരിട്ട് കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നത് ഭാവിയില്‍ പലതരം പ്രതിസന്ധികളുണ്ടാക്കും. പണം നഷ്ടപ്പെട്ടിട്ടുള്ള സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങളിലേയും നിക്ഷേപകര്‍ക്ക് തങ്ങളുടെ സമ്പാദ്യം തിരികെ ലഭിക്കുന്നതിനുള്ള കൃത്യമായ നിയമനടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

സഹകരണ വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിന്‍റെ പൂർണ്ണ രൂപം:

350 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് മൂലം പ്രതിസന്ധിയിലായ തൃശ്ശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെ രക്ഷിക്കുന്നതിനായി സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഉണ്ടാക്കുകയാണെന്നും അതിനുവേണ്ടി ജില്ലയിലെ സഹകരണ ബാങ്കുകളും, സംഘങ്ങളും കാറ്റഗറിക്കനുസരിച്ച് 50 ലക്ഷം രൂപ മുതല്‍ ഒന്നര കോടി രൂപ വരെ നല്കണമെന്നും കാണിച്ച് ജില്ലയിലെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ മുഖേന സഹകരണ ബാങ്കുകളുടേയും സംഘങ്ങളുടേയും പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ മറ്റ് സഹകരണ സ്ഥാപനങ്ങളും അവരവരുടെ സാമ്പത്തികശേഷിക്കനുസരിച്ച് കണ്‍സോര്‍ഷ്യത്തിനായി ഫണ്ട് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ ഇത്തരത്തില്‍ സാമ്പത്തിക തട്ടിപ്പുമൂലം പ്രതിസന്ധിയിലായ 17 സഹകരണ സംഘങ്ങള്‍/ബാങ്കുകള്‍ നിലവിലുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ തന്നെ പുത്തുര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെയും 49 കോടി രുപ ഇത്തരത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു സഹകരണ ബാങ്കിന്റെ കാര്യത്തില്‍ മാത്രം പ്രത്യേകമായി കണ്‍സോര്‍ഷ്യം രൂപീകരിക്കുതിനുള്ള നീക്കം ദുരുപദിഷ്ടമാണ്.
സര്‍ക്കാരിന്റെ വ്യക്തമായ ഉത്തരവോ, നിര്‍ദ്ദേശമോ ഇല്ലാതെ സഹകരണ വകുപ്പ് നേരിട്ട് കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നത് ഭാവിയില്‍ പലതരം പ്രതിസന്ധികളുണ്ടാക്കുന്നതുമാണ്. ആയതിനാല്‍ പണം നഷ്ടപ്പെട്ടിട്ടുള്ള സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങളിലേയും നിക്ഷേപകര്‍ക്ക് തങ്ങളുടെ സമ്പാദ്യം തിരികെ ലഭിക്കുന്നതിനുള്ള കൃത്യമായ നിയമനടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.
ഈ സാഹചര്യത്തില്‍ കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് മാത്രമായി കണ്‍സോര്‍ഷ്യം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും പിന്തിരിയണമെന്നും കേരളത്തില്‍ ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടിട്ടുള്ള എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും വേണ്ടിയുള്ള കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.