‘രക്ഷാദൗത്യം വൈകിയത് ഗൗരവകരം, പരിശോധിക്കപ്പെടണം’; പ്രതിപക്ഷ നേതാവ് കൊക്കയാർ സന്ദർശിച്ചു

Jaihind Webdesk
Sunday, October 17, 2021

 

ഇടുക്കി : ഉരുൾപൊട്ടലും മഴക്കെടുതിയും ഉണ്ടായ മേഖലകൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദർശിക്കുന്നു. ഇടുക്കി ജില്ലയിലെ കൊക്കയാറില്‍ അദ്ദേഹം എത്തി. നടന്നത് വളരെ ദൌർഭാഗ്യകരമായ സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനം കാര്യക്ഷമമായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദുരന്തം നടന്നതിന് പിന്നാലെ തന്നെ രക്ഷാപ്രവർത്തനം നടക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ബന്ധപ്പെട്ടവർ വിശദീകരിക്കേണ്ടതുണ്ട്. രാവിലെ 10 മണിക്ക് സംഭവം നടന്നിട്ട് വൈകിട്ട് 6 മണിക്കാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതാണ് അടിയന്തര ആവശ്യം. അതിനാല്‍ തന്നെ സംഭവിച്ച വീഴ്ച ഇപ്പോള്‍ ആക്ഷേപമായി ഉന്നയിക്കുന്നില്ല. എന്നാലും ഇത് പരിശോധിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർച്ചായി സംഭവിക്കുന്ന മണ്ണിടിച്ചിലുകള്‍ വളരെ ഗൌരവത്തോടെ കാണേണ്ടതുണ്ട്. പ്രകൃതിക്ഷോഭത്തെ തടയാന്‍ ആർക്കുമാവില്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തരമായ നടപടികള്‍ സ്വീകരിക്കുകയും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും സർക്കാരിന് കഴിയണം. 2018 മുതലിങ്ങോട്ട് പ്രളയം തുടർച്ചയായി സംഭവിക്കുമ്പോഴും ഇതിനെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് സർക്കാർ ചിന്തിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉരുള്‍പൊട്ടലുണ്ടായ കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, മുണ്ടക്കയം തുടങ്ങിയ പ്രദേശങ്ങള്‍ അദ്ദേഹം സന്ദർശിക്കും. ദുരന്തത്തിൽ മരിച്ചവരുടെ വീടുകളും സന്ദർശിക്കും.